യതീഷ് ചന്ദ്രക്ക് ബിജെപിയുടെ അവാര്‍ഡും ഉണ്ട് ; അത് ഉടന്‍ അറിയാമെന്ന് ബിജെപി നേതാവ്

കൊച്ചി : ശബരിമലയില്‍ ബിജെപി പ്രതിഷേധങ്ങളെ തടഞ്ഞ് വിവാദനായകനായി മാറിയ എസ് പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി. യതീഷ്ചന്ദ്രയ്ക്ക് ബിജെപി അവാര്‍ഡ് നല്‍കും.അതെന്താണെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും ഉടന്‍ നല്‍കുമെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് യതീഷ് ചന്ദ്ര അടക്കമുള്ള പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് ഡിജിപി ബഹുമതി പത്രം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. യതീഷ് ചന്ദ്രയടക്കം ശബരിമല ഡ്യൂട്ടിയുടെ ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അനുമോദനപത്രം നല്‍കാന്‍ ഡിജിപി ബെഹ്റ തീരുമാനിച്ചു. സംഘപരിവാര്‍ നേതാക്കളെ ആക്രമിച്ചതിനുള്ള സമ്മാനമാണ് പുരസ്കാരമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

കോടതിയില്‍ നിന്ന് ജാമ്യം നേടി ശബരിമലയിലേക്ക് വന്ന ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയെ നിലയ്ക്കലില്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ത‍ടഞ്ഞിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ തിരികെ വരണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ചോദ്യം ചെയ്ത ശശികലയുടെ മകനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ മാനനഷ്ടവും അധികാര ദുരുപയോഗത്തിനെതിരെ നടപടിയും ആവശ്യപ്പെട്ട് ശശികലയുടെ മകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ശബരിമലയില്‍ ആദ്യഘട്ടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പിമാരായ യതീഷ് ചന്ദ്ര, ഹരിശങ്കര്‍, പ്രതീഷ്കുമാര്‍, ശിവവിക്രം, ടി. നാരായണന്‍ തുടങ്ങി മുഴുവന്‍ സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും അനുമോദന പത്രം നല്‍കാനാണ് ഡിജിപിയുടെ തീരുമാനം. ഐ.ജിമാരായ മനോജ് എബ്രഹാം, വിജയ് സാഖറെ എന്നിവര്‍ക്കും പുരസ്കാരമുണ്ട്. 22 ഡിവൈ.എസ്.പി, 32 സി.ഐ എന്നിവരേക്കൂടാതെ സന്നിധാനത്ത് ജോലി നോക്കിയ 13 വനിത പൊലീസ് ഉദ്യോഗസ്ഥരെയും അനുമോദിക്കും.

Top