അടിത്തറയുള്ള ഇടതുപക്ഷമാണ് കേരളത്തിന്റെ ശക്തി: എ വിജയരാഘവന്‍

Breaking News

നരേന്ദ്രമോദിയുടെ ഭരണകെടുതികളുടെ രൂക്ഷതയില്‍നിന്ന് കേരളത്തെ രക്ഷിക്കാനാകുന്നത് ഇവിടെ അടിത്തറയുള്ള ഇടതുപക്ഷവും ജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരും ഉള്ളതുകൊണ്ടാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിഅംഗം എ വിജയരാഘവന്‍ പറഞ്ഞു. ചെന്നിത്തല കാരാഴ്മകിഴക്ക് സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പോക്കറ്റടിക്കുന്നതില്‍ ലോകത്തിലെ ഭരണാധികാരികളില്‍ ഒന്നാം സ്ഥാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ളത്. അടിക്കടി ഇന്ധനവില വര്‍ധിപ്പിച്ച്‌ മാത്രം 20 ലക്ഷം കോടി രൂപയാണ് ജനങ്ങളില്‍നിന്ന് കൊള്ളയടിച്ചത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും രാജ്യത്ത് തൊഴിലില്ലായ്മയും ജീവിതദുരിതതവും രൂക്ഷമാക്കി.

സാമ്ബത്തിക ദുരിതകാലത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചെടുക്കാനുള്ള പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ജനകീയ പദ്ധതികളാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിത്യസ്തമാക്കുന്നത്. എല്ലാവര്‍ക്കും റേഷന്‍കാര്‍ഡുണ്ടായിരുന്ന രാജ്യമായിരുന്നു നമ്മുടേത്. രാജ്യം ഭരിച്ച മന്‍മോഹന്‍സിങും നരേന്ദ്രമോഡിയും ചേര്‍ന്ന് അതില്ലാതാക്കി.

ഒരു പട്ടിണിക്കാരന്‍ മരിച്ചാലേ അടുത്ത പട്ടിണിക്കാരന് റേഷന്‍ നല്‍കു എന്ന നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ ഒന്നുതന്നെയാണ്. രണ്ടുകൂട്ടരും കുത്തകകള്‍ക്കുവേണ്ടി ഭരിക്കുന്നത്.

ഒരാള്‍ ഖദറിടുമ്പോള്‍ മറ്റൊരാള്‍ വടി പിടിക്കുന്നുവെന്നേ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വിത്യാസം. തോല്‍ക്കുമെന്ന് ഉറപ്പാകുമ്പോഴെല്ലാം വര്‍ഗീയത പ്രചരിപ്പിക്കുകയാണ് ബിജെപിയും മോഡിയും. അയല്‍ക്കാരനെ ശത്രുവാക്കുന്ന പ്രവണതയാണ് ബിജെപിയുടെത്.

തന്റെ ഇല്ലായ്മകള്‍ക്കെല്ലാം കാരണം അയല്‍ക്കാരന്റെ മതവും ജാതിയുമാണെന്ന് പ്രചരിപ്പിച്ച്‌ പ്രാകൃത സംസ്‌കാരത്തിലേക്ക് മടക്കികൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നത്. കാലത്തിന്റെ ആപല്‍സൂചകങ്ങളെ നേരിടാനും നാടിന്റെ നന്മകളെ സംരക്ഷിക്കാനും ഇടതുപക്ഷം മാത്രമേ ഉള്ളൂവെന്നും വിജയരാഘവന്‍ പറഞ്ഞു.

Breaking News
Top