ഉത്തര്‍പ്രദേശില്‍ കിസാന്‍സഭ തുറക്കുന്നത് രാജ്യംകണ്ട ഏറ്റവും വലിയ സമരമുഖം

മഹാരാഷ്ട്രയില്‍ സിപിഐഎമ്മിന്റെ പോഷക സംഘടനയായ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ ലോങ് മാര്‍ച്ചിന്റെ വന്‍ വിജയത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലും സമരമുഖം തുറക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 15ന് ‘ചലോ ലക്‌നൗ’ മാര്‍ച്ചുമായാണ് അഖിലേന്ത്യാ കിസാന്‍സഭ വീണ്ടും രംഗത്തിറങ്ങുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക എന്നുള്ളത് യാഥാര്‍ത്ഥ്യമാക്കുകയാണ് സമരക്കാരുടെ പ്രധാന ആവശ്യം.

യോഗിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്നുള്ളത്. പ്രസ്തുത വാഗ്ദാനം ഉത്തര്‍പ്രദേശിലെ സാധാരണക്കാര്‍ക്കിടയില്‍ ബിജെപിക്ക് വന്‍ മേധാവിത്വമാണ് തെരഞ്ഞെടുപ്പില്‍ നേടിക്കൊടുത്തത്. പിന്നാലെ അധികാരത്തിലെത്തിയിയ യോഗി ‘കൃഷി മോചന്‍ യോജന’ എന്ന പദ്ധതി കൊണ്ടുവരികയും അതിലൂടെ കൃഷിക്കാരുടെ കാര്‍ഷിക കടങ്ങളില്‍ കുറവു വരുത്തുകയും ആയിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ കടബാധ്യതയുള്ള കര്‍ഷകര്‍ക്ക് വെറും പത്തു രൂപ മുതല്‍തല്‍ 250 രൂപ വരെയാണ് സര്‍ക്കാര്‍ കുറവു വരുത്തിയത്. യോഗി സര്‍ക്കാരിന്റെ നടപടികള്‍ തങ്ങളെ വഞ്ചിക്കല്‍ ആയിരുന്നു എന്ന് പരാതിപ്പെട്ട് നിരവധി കര്‍ഷകരാണ് അന്ന് രംഗത്തെത്തിയത്.

ഈ തിരിച്ചറിവിനെ തുടര്‍ന്ന് വന്‍ ജനരോഷമാണ് ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ ഉണ്ടായത്. 2016 മാര്‍ച്ച് 31 വരെയുള്ള കര്‍ഷകരുടെ െഒരുലക്ഷം രൂപ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ബിജെപി തിരഞ്ഞെടുപ്പിനുമുമ്പ് വാഗ്ദാനം നല്‍കിയിരുന്നു. പ്രാധാന്യത്തോടുകൂടി പ്രസ്തുത വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു സാധാരണക്കാരുടെ വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ശേഷം തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കിയ കര്‍ഷകര്‍ യോഗിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാ കിസാന്‍സഭ കര്‍ഷകരെ സംഘടിപ്പിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കുക യോഗി സര്‍ക്കാരിനെതിരെ സമരവുമായി രംഗത്ത് എത്തുന്നത്.

കടങ്ങള്‍ എഴുതിത്തള്ളി എന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു കയ്യടി നേടുകയാണ് യോഗി സര്‍ക്കാര്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് തങ്ങളെ സഹായിക്കുവാനും ഉത്തര്‍പ്രദേശിലെ മുഖ്യ പ്രതിപക്ഷ കക്ഷികള്‍ തയ്യാറായില്ലെന്നും കര്‍ഷകര്‍ പറയുന്നു. മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചിന്റെ വന്‍വിജയം രാജ്യമെമ്പാടുമുള്ള കര്‍ഷകരില്‍ പുത്തനുണര്‍വ് സമ്മാനിച്ച സമയം കൂടിയാണിത്. അതുകൊണ്ടുതന്നെയാണ് കിസാന്‍സഭ ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതും യോഗി സര്‍ക്കാരിനെതിരെ പോരാട്ടവുമായി രംഗത്തിറങ്ങിയതും. രാജ്യമെമ്പാടും ഉറ്റുനോക്കുന്ന മറ്റൊരു വന്‍ സമരമുഖമാകും ഉത്തര്‍പ്രദേശില്‍ തുറക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Top