ഐഎസ‌്‌ആര്‍ഒ ചാരക്കേസ‌്: നേതൃത്വത്തിന്‌ ആശങ്ക; കലഹം മുറുകും

Breaking News

കൊച്ചി : ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം കോണ്‍ഗ്രസിന്റെ ചില ദേശീയനേതാക്കളുടെവരെ ഉറക്കം കെടുത്തും. കേസിന്റെ പ്രാരംഭഘട്ടത്തില്‍, അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ‌് അധ്യക്ഷനുമായിരുന്ന പി വി നരസിംഹറാവു തിരുവനന്തപുരത്ത‌് അപ്രതീക്ഷിതമായി നടത്തിയ സന്ദര്‍ശനംമുതല്‍ ജുഡീഷ്യല്‍ കമീഷന‌് ചികഞ്ഞെടുക്കേണ്ടിവരും.

കരുണാകരവിരുദ്ധ നീക്കത്തിന‌് മൂര്‍ച്ചകൂട്ടിയതും മുഖ്യമന്ത്രിപദവിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കത്തിന‌് വഴിയൊരുക്കിയതും ചാരക്കേസ‌് വിവാദമായിരുന്നു. എന്നാല്‍, കരുണാകരന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രി പദത്തിലെത്തിയ എ കെ ആന്റണിയായിരുന്നു അതിന്റെ മുഖ്യ ഗുണഭോക്താവ‌്. ആന്റണിയെ ആ പദവിയിലെത്തിക്കാന്‍ പ്രയത‌്നിച്ചതാകട്ടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘവും. ആര്യാടന്‍ മുഹമ്മദ‌്, എം ഐ ഷാനവാസ‌്, എം എം ഹസ്സന്‍, പി ടി തോമസ‌് എന്നിവരായിരുന്നു മുന്‍നിരയില്‍. കരുണാകരന്റെ മകള്‍ പത്മജ പറയുന്ന ആ ‘അഞ്ച‌്’ പേരില്‍ ഇവരില്‍ ആരൊക്കെ ഉള്‍പ്പെടും എന്നതാണ‌് കോണ്‍ഗ്രസ‌് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത‌്.

1994 ഒക‌്ടോബര്‍ 20നാണ‌് മറിയം റഷീദയെ സ‌്പെഷ്യല്‍ ബ്രാഞ്ച‌് പൊലീസിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ‌് ചെയ‌്തത‌്. ഒരുമാസം കഴിഞ്ഞ‌് നമ്ബി നാരായണനെയും മറ്റും കേസില്‍ പ്രതിചേര്‍ത്തു. അതിന‌് പിന്നാലെയാണ‌് പ്രധാനമന്ത്രി നരസിംഹറാവു ഒരുദിവസത്തെ സന്ദര്‍ശനത്തിന‌് തലസ്ഥാനത്ത‌് വന്നത‌്. പ്രധാനമന്ത്രി തിരക്കിട്ടെത്തിയതും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതും ഐഎസ‌്‌ആര്‍ഒ കേസിന്റെ നാള്‍വഴിയില്‍ ഇന്നും ദുരൂഹത നിറഞ്ഞ ഏടാണ‌്.

നവംബര്‍ 27ന‌് എത്തിയ അദ്ദേഹം പിറ്റേന്നുതന്നെ തിരിച്ചുപോയി. രാത്രിയിലാണ‌് രാജ‌്ഭവനില്‍ സിബിഐയിലെയും ഐബിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ‌്ച നടത്തിയത‌്. ഐജി രമണ്‍ ശ്രീവാസ‌്തവ, മുഖ്യമന്ത്രി കെ കരുണാകരന്‍ എന്നിവര്‍ക്കെതിരെ അതിനകംതന്നെ വന്‍ വിവാദം ഉയര്‍ന്നിരുന്നു.

നരസിംഹറാവുവിന്റെ മകന്‍ പ്രഭാകര്‍റാവുവിന‌് ചാരക്കേസില്‍ ബന്ധമുണ്ടെന്ന‌് അന്ന‌് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന‌് സൂചന പുറത്തുവന്നിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന‌് വിദേശത്തു നിന്ന‌് ഉപകരണങ്ങള്‍ ഇറക്കുമതിചെയ്യുന്ന ബാംഗ്ലൂര്‍ കമ്ബനിയുടെ പങ്കാളിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ആ വഴിക്കുള്ള അന്വേഷണം നിലച്ചു. അതേസമയം പ്രഭാകര്‍ റാവുവിന്റെ ബിസിനസ‌് പങ്കാളിയും ബാംഗ്ലൂര്‍ സ്വദേശിയുമായ വ്യവസായി ചന്ദ്രശേഖറിനെ കേസില്‍ പ്രതിയാക്കുകയും പിന്നീട‌് അറസ്റ്റ‌് ചെയ്യുകയും ചെയ‌്തിരുന്നു.

ഐഎസ‌്‌ആര്‍ഒ ചാരക്കേസില്‍ നിജസ്ഥിതി എന്തായാലും അത‌് വന്‍ കോളിളക്കത്തിന‌് വഴിയൊരുക്കിയത‌് കോണ്‍ഗ്രസിലെ ഗ്രൂപ്പ‌് യുദ്ധമാണ‌്. കരുണാകരനെ ഇറക്കി ആന്റണിയെ വാഴിക്കാന്‍ ചാരക്കേസ‌് വഴിതിരിച്ചുവിട്ട‌് നടത്തിയ രാഷ്ട്രീയഗൂഢാലോചന വെളിച്ചത്തുവരുമോയെന്നതാണ‌് അറിയാനുള്ളത‌്‌. എന്തായാലും എ കെ ആന്റണിയുള്‍പ്പെടെയുള്ളവര്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍ നിരവധിയാണ‌്. പുതിയ ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണം കോണ്‍ഗ്രസ‌് രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതത്തിന‌് വഴിമരുന്നിടും.

Breaking News
Top