ഓട്ടിസ്റ്റിക് കുട്ടികളുടെ ചിത്ര പ്രദർശനം കൊച്ചി ബിനാലെയിൽ…

Breaking News

ഓട്ടിസ്റ്റിക് കുട്ടികളുടെ ചിത്ര പ്രദർശനം കൊച്ചി ബിനാലെയിൽ…

ഈ വർഷാദ്യം എറണാകുളത്ത് സിദ്ധാർത്ഥിന്റെ ചിത്ര പ്രദർശനം നടത്തിയപ്പോൾ നിങ്ങൾ സുഹൃത്തുക്കളും മാധ്യമങ്ങളും നൽകിയ പിന്തുണയെക്കുറിച്ച് ഞാനിവിടെ പറഞ്ഞിരുന്നു.

 

ചിത്ര പ്രദർശനത്തിന്റെ സമയത്ത് ഭിന്നശേഷിയുള്ള അനവധി കുട്ടികൾ – അതിൽ ചിത്രം വരയ്ക്കാൻ കഴിവുള്ള ചിലർ ചിത്രങ്ങളുമായും വന്നിരുന്നു. അവരിൽ പലർക്കും സ്വന്തമായി ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള സാഹചര്യം ഇല്ലാത്തവരാണെങ്കിലും അവരുടെ കഴിവും സമൂഹം അറിയണം, ആ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും കൂടുതൽ ആത്മവിശ്വാസം ഉണ്ടാകാനുള്ള അവസരം നൽകണം എന്നൊക്കെ അന്നേ ചിന്തിച്ചിരുന്നു.

 

അടുത്തയിടക്കാണ് ഓട്ടിസം ക്ലബ് ഓഫ് കേരള അടുത്ത കൊച്ചി ബിനാലെയുടെ കൂടെ ഓട്ടിസ്റ്റിക് ആയ കുട്ടികൾക്ക് വേണ്ടി ഒരു ചിത്ര പ്രദർശനം നടത്തുന്നതായി പറഞ്ഞത്. ഞങ്ങൾ അതിനോട് നൂറു ശതമാനവും യോജിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കൊച്ചി ബിനാലെയുടെ നടത്തിപ്പുകാരുമായി അവർ സംസാരിച്ചു, അതിനുള്ള അനുമതിയും കിട്ടി.

 

2019 ഫെബ്രുവരി ഒന്ന് മുതൽ പത്തു വരെ കൊച്ചിൻ മുസിരിസ് ബിനാലെയിലാണ് ചിത്ര പ്രദർശനം. ചിത്രം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ മാതാപിതാക്കളോ അധ്യാപകരോ കേരളാ ഓട്ടിസം ക്ലബ്ബുമായി ബന്ധപ്പെടണം. ഓട്ടിസം ക്ലബ്ബിന്റെ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങളും ഫോൺ നന്പറും കൊടുത്തിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെട്ടാലും മതി.

 

എൻറെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് ഒരു റിക്വസ്റ്റ്. നിങ്ങൾക്ക് നേരിട്ടറിയുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ മാതാപിതാക്കളെ ഈ വിവരം അറിയിക്കണം. ഓട്ടിസ്റ്റിക് ആയ കുട്ടികളുള്ള സ്‌കൂളിലെ അധ്യാപകരെ ടാഗ് ചെയ്യണം. ഇത് രണ്ടും ഇല്ലെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്യണം. മാധ്യമ പ്രവർത്തകർ ഈ വാർത്ത നിങ്ങളുടെ പത്രത്തിലോ പോർട്ടലിലോ ചാനലിലോ റേഡിയോയിലോ കൊടുക്കണം. കൂടുതൽ ആളുകൾ അറിയാനും,  പരമാവധി കുട്ടികൾക്ക് പങ്കെടുക്കാനും, അതുവഴി അവരുടെ പ്രതിഭ ലോകം അറിയാനുമുള്ള സാഹചര്യം ഉണ്ടാകട്ടെ.

 

എക്സിബിഷന്റെ സമയം ആകുന്പോൾ കൂടുതൽ വിവരങ്ങൾ പറയാം. അപ്പോൾ നിങ്ങൾ തീർച്ചയായും വരണം.

 

മുരളി തുമ്മാരുകുടി

 

Breaking News
Top