കള്ള പ്രചരണങ്ങൾ തുടരുമ്പോൾ കണ്ണടച്ചിരിക്കാനാകില്ല. ടി വി രാജേഷ് എം എല്‍ എ

പ്രിയപ്പെട്ട മോദി,
ചായക്കടയിൽ നിന്നും അധികാര വിഹായസിലെത്തിയിട്ടും രാജ്യത്തിന് അന്നം തരുന്ന കർഷകരെ സഹായിക്കാൻ താങ്കൾ നടപടി സ്വീകരിച്ചില്ല. താങ്കളുടെ പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്തും കർഷകർക്ക് നീതി ലഭിക്കുന്നില്ല. അതു കൊണ്ടാണ് അവർ തെരുവിലിറങ്ങുന്നത്. ആ കർഷകരെ സഹായിച്ചില്ലേലും ഉപദ്രവിക്കരുത് എന്ന് താങ്കളുടെ പാർട്ടി പ്രവർത്തകരെ ഒന്ന് പറഞ്ഞ് മനസിലാക്കണം. അങ്ങ് പറഞ്ഞാൽ കേൾക്കുമോ എന്നറിയില്ല, എങ്കിലും കർഷകനെ അപമാനിക്കുന്നത് കണ്ട് നിൽക്കാനാകാത്തത് കൊണ്ടാണ് ഇതെഴുതുന്നത്.

മഹാരാഷ്ട്രയിൽ നടന്ന കർഷകരുടെ മഹാറാലിയാണല്ലൊ പ്രശ്നത്തിന് ആധാരം. അങ്ങ് വിദേശത്താണോ, അതോ ഇവിടെ ഉണ്ടോ എന്ന് അറിയാത്തതുകൊണ്ട് ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ പതിനായിരക്കണക്കിന് കർഷകർ ചുവന്ന കൊടിയുമായി ഭരണ സിരാ കേന്ദ്രം വളയുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അങ്ങ് ട്വിറ്ററിലൂടെ അറിഞ്ഞിട്ടുണ്ടാകും. എങ്കിലും അറിയാത്ത ഒരു കാര്യം കൂടിയുണ്ട്, ലഖ്നൗവിലും കർഷകർ സമരം തുടങ്ങാൻ പോവുകയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ കർഷകരെ അപമാനിക്കുന്നത് ശരിയല്ലെന്ന് ചായക്കടയിൽ നിന്നും വന്ന അങ്ങയ്ക്ക് മനസിലാകും എന്നാണ് ഞാൻ കരുതുന്നത്.

മഹാരാഷ്ട്രയിലെ കർഷകരെ മാവോയിസ്റ്റുകൾ എന്നാണ് അങ്ങയുടെ കൂട്ടത്തിൽപ്പെട്ട ഒരാൾ വിശേഷിപ്പിച്ചത്. ആ മഹത് വ്യക്തി പറഞ്ഞതുപോലെ കർഷകർ ഒരു കലാപവും ഉണ്ടാക്കിയില്ലതാനും. പതിനായിരക്കണക്കിന് കർഷക സമര വളണ്ടിയർമാർ 7 ദിവസം മാർച്ച് ചെയ്തപ്പോൾ ഒരു കല്ല് പോലും വലിച്ചെറിഞ്ഞ് കലാപം ഉണ്ടാക്കാൻ ശ്രമിച്ചതായി രാജ്യം കണ്ടതുമില്ല.

മഹാരാഷ്ട്രയിലെ കർഷകരെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്നാണ് അങ്ങയുടെ കൂട്ടത്തിലുള്ള മറ്റൊരാളുടെ ആരോപണം. മുംബൈ നഗരവാസികൾ കർഷകർക്ക് നൽകിയ സ്വീകരണവും പിൻതുണയും അങ്ങയുടെ സോഷ്യൽ മീഡിയ ടീമിനോട് ചോദിച്ചാൽ എടുത്ത് തരും. കലാപകാരികളെ ഒരു സംസ്ഥാനം ഇങ്ങനെയൊക്കെ സ്വീകരിക്കുമോ?

ഇതൊക്കെ പോട്ടെ, കൂട്ടത്തിലുള്ളവർ ഇതിനെക്കാൾ വലുത് പറഞ്ഞപ്പോൾ അങ്ങ് കുലുങ്ങിയിട്ടില്ലല്ലോ.. എങ്കിലും സാധാരണ നിലയിലുള്ള വർഗീയതയും തീവ്ര ദേശീയതയും മാത്രമല്ല, മണ്ടത്തരങ്ങൾ കൂടി പരസ്യമായി പറയുന്നുണ്ട് ശിഷ്യന്മാർ. അങ്ങയുടെ പിൻഗാമി ഫട്നാവീസ് ആണല്ലോ മഹാരാഷ്ട്ര മുഖ്യമന്ത്രി. അദ്ദേഹം കർഷകരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് അവർക്ക് പോകാൻ ട്രെയിൻ വരെ ഏർപ്പാടാക്കി കൊടുത്ത മഹാനായ മുഖ്യമന്ത്രി എന്നൊക്കെയാണ് സംഘികൾ വെച്ച് കാച്ചുന്നത്. തള്ളുമ്പോഴും അതിന് കലാപരമായ ഒരു സത്യസന്ധത വേണം എന്ന് അങ്ങേയ്ക്ക് അറിയാലോ. സമരം ചർച്ച ചെയ്ത് തീർക്കണമെന്ന ബോധം ഉണ്ടാവാൻ പ്രിയശിഷ്യൻ ഫട്നാവീസ് മുഖ്യൻ എടുത്തത് 8 ദിവസമണ്. 2014ൽ അധികാരത്തിൽ വന്ന ഫട്നാവീസ് ബേട്ടാ 1228 ദിവസമായി കർഷകരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നമുക്കറിയാമല്ലോ. മഹാരാഷ്ട്രയിൽ മാത്രം 2017 ൽ 4 മാസത്തിനകം ആത്മഹത്യ ചെയ്തത് 1020 ൽ പരം കർഷകരും. മണ്ടത്തരം പറയുന്ന ശിഷ്യൻമാരോട് മിനിമം പത്രം വായിക്കാനെങ്കിലും അങ്ങ് പറഞ്ഞു കൊടുക്കണം. ഫോട്ടോഷോപ്പ് കണ്ടു മടുത്തു.

ഇതൊക്കെ പ്രധാനമന്ത്രി എന്ന നിലയിൽ അങ്ങയെ അറിയിക്കണമെന്ന് തോന്നി. അതാണ് എഴുതിയത്. അപ്പൊ ഇനി ലഖ്നൗവിൽ കാണാം..

ടി വി രാജേഷ് MLA

Top