കിസാന്‍ സഭയുടെ ചെങ്കൊടി വിപ്ലവം ഇനി യുപിയിലേക്ക്; യോഗിയെ വിറപ്പിക്കാന്‍ ചലോ ലഖ്നൗ.

ചലോ ലഖ്‌നൗ എന്നാണ് പേരെങ്കിലും കര്‍ഷകര്‍ മാര്‍ച്ചിനെ കിസാന്‍ പ്രതിരോധ് എന്നാണ് വിശേഷിപ്പിക്കുന്നത്

  മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിനെ വിറപ്പിച്ച കര്‍ഷകരുടെ ചെങ്കൊടി വിപ്ലവം ഇനി ഉത്തര്‍പ്രദേശിലേക്ക്. രാജ്യമൊന്നാകെ കര്‍ഷക പ്രക്ഷോഭം അലയടിക്കുന്നുവെന്ന സൂചന നല്‍കിയാണ് പ്രക്ഷോഭം യുപിയിലേക്ക് കടക്കുന്നത്. ഫട്‌നാവിസിനെ പോലെ ഭരണത്തില്‍ വലിയ മികവില്ലാത്തത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വെല്ലുവിളിയാണ്. നേരത്തെ കര്‍ഷകരുടെ കടങ്ങള്‍ എന്ന പേരില്‍ 19 പൈസ എഴുതി തള്ളിയ നടപടി വന്‍ വിവാദം ഉണ്ടാക്കിയിരുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ചലോ ലഖ്‌നൗ എന്ന മാര്‍ച്ചാണ് സംഘടിപ്പിക്കുന്നത്. ഈ മാസം 15നാണ് മാര്‍ച്ച് ആരംഭിക്കുന്ന. അതേസമയം മഹാരാഷ്ട്രയില്‍ ഗംഭീര വിജയമായ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ കിസാന്‍ സഭയുടെ തന്ത്രങ്ങളാണ് ഇവിടെയും പരീക്ഷിക്കുക. കിസാന്‍ സഭ തന്നെയാണ് ഈ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

കിസാന്‍ പ്രതിരോധ്

ചലോ ലഖ്‌നൗ എന്നാണ് പേരെങ്കിലും കര്‍ഷകര്‍ മാര്‍ച്ചിനെ കിസാന്‍ പ്രതിരോധ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു ദിവസത്തെ മാര്‍ച്ചാണ് ഇത്. കര്‍ഷകരുടെ ലഖ്‌നൗവിലെത്തി തങ്ങളുടെ ആവശ്യങ്ങളടങ്ങിയ ലിസ്റ്റ് യോഗിക്ക് കൈമാറും. ദീര്‍ഘനാളായി വളരെ കഷ്ടപ്പാടിലാണ് ഇവിടെയുള്ള കര്‍ഷകര്‍. ഇവരുടെ പ്രധാന ആവശ്യം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക എന്നതാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ചുള്ള താങ്ങുവിലയാണ് ഉറപ്പാക്കേണ്ടത് കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുക, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്ക് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തുക, വൈദ്യുത മേഖല യെ സ്വകാര്യവല്‍ക്കരിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

കര്‍ഷകരുടെ പെന്‍ഷന്‍

മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിപ്പിക്കാന്‍ കിസാന്‍ സഭയ്ക്ക് കഴിഞ്ഞിരുന്നു. ഇവിടെയും അത് പ്രധാന ആവശ്യമാണ്. 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കണമെന്നാണ് ആവശ്യം. ഇതിന് പുറമേ കര്‍ഷകര്‍ക്ക് കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള നിയന്ത്രണങ്ങള്‍ നീങ്ങുക എന്ന ആവശ്യവും ഉണ്ട്. യുപിയില്‍ കന്നുകാലിക്കടത്ത് തടയുന്നതിനാണ് ഈ വിഷയത്തില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതേസമയം അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചലോ ലഖ്‌നൗ ഉന്നയിച്ചിട്ടുണ്ട്.

ബിജെപിക്ക് തലവേദന

യുപിയില്‍ മാത്രമല്ല ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയാണ്. രാജസ്ഥാനും മധ്യപ്രദേശുമാണ് ഇനി പ്രക്ഷോഭം നടക്കാന്‍ പോകുന്ന സംസ്ഥാനമെന്നാണ് സൂചന. അതേസമയം യുപിയില്‍ കര്‍ഷകരുടെ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. യോഗി ആദിത്യനാഥ് വന്‍ പരാജയമായതാണ് അവര്‍ തിരിച്ചടിയായത്. കിസാന്‍ സഭയുടെ അഖിലേന്ത്യാ നേതാക്കളെല്ലാം യുപിയില്‍ സമരത്തിനായി എത്തുമെന്നാണ് സൂചന. ഇത് സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്നുണ്ട്. സിപിഎം രാഷ്ട്രീയമായി ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും ഉത്തര്‍പ്രദേശില്‍ എത്തുമെന്നാണ് സൂചന.

വൈദ്യുത ചാര്‍ജ്

ഉത്തര്‍പ്രദേശില്‍ വൈദ്യുത ചാര്‍ജ് താങ്ങാവുന്നതിലും അധികമാണെന്ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ സംസ്ഥാന ഘടകം പ്രസിഡന്റ് മുകുത് സിങ് പറഞ്ഞു. 2016 മുതല്‍ ഇത് വലിയ രീതിയിലാണ് കൂടിയിട്ടുള്ളത്. ഏഴു ജില്ലകളില്‍ ഇത് സ്വകാര്യ കമ്പനികളാണ് നിയന്ത്രിക്കുന്നത്. 150 തവണയാണ് അടുത്തിടെ വൈദ്യുത ചാര്‍ജ് വര്‍ധിപ്പിച്ചത്. എന്നിട്ടും സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കുകയാണെന്നും മുകുത് സിങ് പറഞ്ഞു. നേരത്തെ ഉരുളക്കിഴങ്ങ് കര്‍ഷകരും യോഗിയുടെ സര്‍ക്കാരിനെതിരെ സമരം ചെയ്തിരുന്നു. ഒരു ക്വിന്റല്‍ ഉരുളക്കിഴങ്ങിന് 1000-1100 രൂപയായിരുന്നു ഉല്‍പാദന ചെലവ്. എന്നാല്‍ സര്‍ക്കാര്‍ ക്വിന്റലിന് 559 രൂപ നല്‍കാമെന്നായിരുന്നു പറഞ്ഞത്. ഈ വിഷയത്തില്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത പോരാട്ടത്തിലാണ് ഉരുളക്കിഴങ്ങ് കര്‍ഷകര്‍.

കിസാന്‍ സഭയുടെ പേജ് ലൈക്ക് ചെയ്ത് സമരത്തിന് പിന്തുണ നല്‍കൂ.

Top