കോപ്പിയടിച്ച് നേടേണ്ടതല്ല സിവിൽ സർവീസ്.കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ പ്രശാന്ത് (ഐ.എ.എസ്)

Breaking News

സിനിമയിലെ തീപ്പൊരി ഡയലോഗും അത് ‌കഴിഞ്ഞ്‌ സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട്‌ മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പോലീസും സല്യൂട്ടും കണ്ട്‌ കൊതിച്ച്‌ സിവിൽ സർവീസിൽ വരുന്നവൻ വൻ തോൽവിയായിരിക്കും. ചെറുപ്രായത്തിൽ തന്നെ അധികാരവും ഉത്തരവാദിത്തവും വന്ന് ചേരുമ്പോൾ, അതിൽ മതിമറന്ന് ജനത്തിന്റെ മേൽ കുതിരകയറാനും അധികാരം സ്വന്തം ലാഭത്തിനുപയോഗിക്കാനും താൽപര്യം കാട്ടുന്നവർ സിവിൽ സർവീസിനു കളങ്കം സൃഷ്ടിക്കും. ജനങ്ങളെ സേവിക്കാനും അവരിലൊരാളായി സത്യസന്ധതയോടെ പ്രവർത്തിക്കാനും മനസ്സുള്ളവർ മാത്രം തിരഞ്ഞെടുക്കേണ്ട കരിയറാണ്‌ സിവിൽ സർവീസ്.

സിവിൽ സർവീസ് പരീക്ഷയിൽ എത്തിക്സിന്റെ പേപ്പർ‌ ഉൾപ്പെടുത്തിയതിനു പിന്നിലെ ഉദ്ദേശ്യം കുഴപ്പക്കാരെ ഒഴിവാക്കുക എന്നതാണ്‌.എന്നാൽ ഇതൊക്കെ വളരെ വിദഗ്ദ്ധമായി മറികടക്കുന്ന ജഗ ഫ്രോഡുകൾ ഉണ്ടെന്നതാണ്‌ സത്യം. UK ലെ സിവിൽ സർവീസ് പരീക്ഷയിലെ ഫൈനൽ സെലക്ഷൻ മൽസരാർഥികളെ ഒരാഴ്ചയോളം ‘ഫാം ഹൗസിൽ’ താമസിപ്പിച്ച് അവരുടെ പെരുമാറ്റം സൂക്ഷമമായി പരിശോധിച്ചിട്ടാണ്‌. ‘ബിഗ്‌ ബ്രദർ’, ‘മലയാളി ഹൗസ്‌’ എന്നീ ടി.വി പ്രോഗ്രാമുകൾ പോലെ. ഇവിടെ അതുപോലുള്ള രീതികൾ നടപ്പിലാക്കിയാലും 100% പ്രശ്നപരിഹാരം ആവില്ല.

സമൂഹത്തിലെ മറ്റ്‌ മേഖലകളിൽ കാണുന്ന അപചയങ്ങൾ സിവിൽ സർവീസിനെയും ബാധിക്കുന്നു എന്നതാണ്‌ സത്യം. ഒരു പരീക്ഷയിലൂടെ ഇത്‌ പരിഹരിക്കാനാവില്ല. രാഷ്ട്രീയക്കാരുടെ കാര്യം പറയും പോലെ, ഉദ്ദേശശുദ്ധിയുള്ള, സത്യസന്ധർ മടിക്കാതെ ലജ്ജിക്കാതെ ഈ മേഖലയിലേക്ക്‌ കടന്ന് വരണം.

കഴിഞ്ഞ നൂറ്റാണ്ടിൽ വരേണ്യവർഗ്ഗത്തിന്റെ കുത്തകയായിരുന്നു സിവിൽ സർവീസ്. ഇപ്പോൾ പരിമിതമായ ജീവിതസാഹചര്യങ്ങളിൽ നിന്നു പോലും എത്രയോ പേർ സിവിൽ സർവീസിലേക്കു വന്ന് തുടങ്ങി. 2007 ലെ എന്റെ ബാച്ചിൽ ഉൾപ്പെട്ട ഗോവിന്ദിന്റെ അച്ഛൻ റിക്ഷാക്കാരനായിരുന്നു. അഭിമാനത്തോടെ മകനെ സ്വന്തം റിക്ഷയിൽ ഇരുത്തി ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്ന ചിത്രം പല വാരികകളുടെയും മുഖചിത്രമായി. ഒന്നാം റാങ്ക്‌ നേടിയ മുത്യാല രാജുവാകട്ടെ, കറന്റും വെള്ളവും, സ്കൂളും, ആശുപത്രിയും ഇല്ലാത്ത കുഗ്രാമത്തിൽ പഠിച്ച്‌ വളർന്നവൻ. 2009 ബാച്ച്‌കാരൻ ജയഗണേശ്‌ വെല്ലൂരിൽ ഒരു ഹോട്ടലിൽ വെയിറ്റർ ആയിരുന്നു. പത്രം വിറ്റ്‌ ജീവിച്ചാണ്‌ മധ്യപ്രദേശ്‌കാരൻ നിരീഷ്‌ 2013 ൽ IASപരീക്ഷ കടക്കുന്നത്‌. വീടുകളിൽ പാത്രം കഴുകിയും മറ്റും കുടുംബം പോറ്റിയിരുന്ന അമ്മയുടെ മകൻ സന്ദീപ്‌ കഴിഞ്ഞ വർഷമാണ്‌ IAS കാരനായത്‌. അവർ ജീവിക്കുന്നതോ ദില്ലിയിലെ ചേരിയിൽ. നിശ്ചയദാർഢ്യത്തിന്റെ എത്രയോ കഥകൾ. സാമുഹ്യവ്യവസ്ഥിതിയിലും ജീവിത സാഹചര്യത്തിലും വരുത്തുന്ന മാറ്റം സിവിൽ സർവീസിനെ ഒരു സ്വപ്ന ജോലിയായി കാണാൻ ഇവരെ പ്രേരിപ്പിക്കുന്നു. വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും. അങ്ങനെ നോക്കുമ്പോൾ ഒരു ശരാശരി മലയാളി ഉദ്യോഗാർത്ഥി സുഖലോലുപനും ആഡംബരത്തിന്റെ ദന്തഗോപുരത്തിൽ ജീവിക്കുന്നവനുമാണ്‌.

കോച്ചിംഗ്‌ സെന്ററുകളുടെ ആധിപത്യം തകർക്കാൻ എന്നവണ്ണം UPSC പരീക്ഷാ പറ്റേൺ സാവധാനം മാറ്റിക്കൊണ്ടുവന്നു. ഇന്ന് കോച്ചിംഗ്‌ സെന്ററുകൾ നല്ല സഹപാഠികൾക്ക്‌ ഒത്ത്‌ കൂടാനും സ്റ്റഡി മെറ്റീരിയൽ സംഘടിപ്പിക്കാനുമുള്ള ഒരു കേന്ദ്രം എന്നതിൽ കവിഞ്ഞ്‌ ഒന്നുമല്ല. നിങ്ങളെ സ്പൂൺ ഫീഡ്‌ ചെയ്ത്‌ IAS/IPS കാരനാക്കാം എന്ന് ആര്‌ അവകാശപ്പെട്ടാലും അത്‌ ശുദ്ധ തട്ടിപ്പാണ്‌. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും വ്യക്തമായ കഴ്ചപ്പാടും മാത്രമാണു ഇന്ന് ഒരു പരീക്ഷാർത്ഥിക്ക്‌ വേണ്ടത്.

തൊണ്ണൂറുകളിലെ ഉദാരവൽക്കരണത്തിന്‌ ശേഷം സുഖിച്ച്‌ ജീവിക്കാനും പണം സമ്പാദിക്കാനും സ്വകാര്യമേഖലയിൽ വേണ്ടുവോളം സാഹചര്യങ്ങൾ ഉണ്ട്‌‌‌. കാശുണ്ടാക്കാൻ ആരും സിവിൽ സർവീസിലേക്ക്‌ വന്ന് ബുദ്ധിമുടേണ്ട കാര്യമില്ല എന്ന് സാരം. അങ്ങനെ വന്ന് കയറിയവരെ കൊണ്ട്‌ അല്ലാതെ തന്നെ വേണ്ടുവോളം ചീത്തപ്പേരും ജനങ്ങൾക്ക്‌ ഉപദ്രവവും ഉണ്ട്‌.

രാജകീയമായ, സുഖലോലുപമായ ഒരു ജോലിയല്ല സിവിൽ സർവീസ്. ഇതൊരു 10-5 ജോബ്‌ അല്ല. സ്വകാര്യമേഖലയിലെ മാനേജർക്ക് പലപ്പോഴും അയാളുടെ ഒരു മേലുദ്യോഗസ്ഥനോടു മറുപടി പറഞ്ഞാൽ മതി. എന്നാൽ ഒരു കലക്ടർ ആരോടൊക്കെ ഉത്തരം പറയണം? മുകളിൽ ഉള്ള ഉദ്യോഗസ്ഥർ, അതിനും മുകളിലെ മന്ത്രിമാർ, സർക്കാരിന്റെ ഭാഗമല്ലാത്ത, എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന ജനപ്രതിനിധികൾ, സാധാരണക്കാർ, കീഴുദ്യോഗസ്ഥർ, മാധ്യമങ്ങൾ, കുടുംബം, സ്വന്തം മനസ്സാക്ഷി! 24 മണിക്കൂറും ജാഗ്രതയോടെ ജനങ്ങൾക്ക്‌ ഒരു വിളിപ്പാടകലെ നിലകൊള്ളണം. നിലപാടുകൾ കടുപ്പിച്ച്‌ ശക്തരായ പലരെയും പിണക്കേണ്ടിയും വരും. ‘പാരകൾ’ പ്രതീക്ഷിക്കാം. ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്താലും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കാനും തയ്യാറായിരിക്കണം. ഇതെല്ലാമാണെങ്കിലും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ഒരു കരിയർ തന്നെയാണ്‌ സിവിൽ സർവീസ്. ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന, സാധാരണക്കാരന്റെ ജീവിതത്തെ ക്രിയാത്മകമായി സ്പർശിക്കാൻ സാധിക്കുന്ന അതിവിശാലമായ ക്യാൻവാസാണ്‌ ഈ ജോലി നമുക്ക്‌ സമ്മാനിക്കുന്നത്.

ഇന്നേവരെ ചീത്തപ്പേര്‌ കേൾപ്പിക്കാത്ത ഭരണഘടനാസ്ഥപനമായ UPSC നടത്തുന്ന ഈ പരീക്ഷ അതത്‌ ജില്ലാകലക്ടർക്ക്‌ നേരിട്ട്‌ ഉത്തരവാദിത്തം ഉള്ള രീതിയിലാണ്‌ ഇന്ത്യ ഒട്ടുക്കും നടത്തുന്നത്. പരീക്ഷാഹാളിലെ ഇൻവിജിലറേറ്ററിൽ ഒതുങ്ങുന്നില്ല‌ മേൽനോട്ടം. ചാർജ്ജ്‌ ഓഫിസർ ആയി എല്ലാ നഗരത്തിലും മുതിർന്ന IAS ഓഫീസർമാർ ഉണ്ട്‌. പരീക്ഷാനടത്തിപ്പിന്റെയും മറ്റു കാര്യങ്ങളുടെയും മേൽനോട്ടത്തിന് ഇതിനു മുകളിലും ഒട്ടേറെ ഉദ്യോഗസ്ഥരുണ്ട്‌. തട്ടിപ്പ്‌ നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്, അല്ല, പിടിക്കപ്പെടുക തന്നെ ചെയ്യും.

ഒരുകാര്യം ഓർത്താൽ നന്ന് – ബ്ലൂ ടൂത്തിന്റെയോ സ്മാർട്ട്‌ ഫോണിന്റെയോ ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ. പട്ടിണിപ്പാവങ്ങൾ പലതും പണയപ്പെടുത്തി, സ്വപ്നങ്ങൾ പോലും കടം വാങ്ങി, പലരുടെയും ത്യാഗങ്ങളും നൊമ്പരങ്ങളും ഏന്തി, ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ മക്കൾ എഴുതുന്ന പരീക്ഷകൂടിയാണ്‌ ഇത്‌. ഖട്ഗ വലിച്ച്‌ ചോര തുപ്പുന്നവന്റെ മകനും എഴുതി പാസ്സാവുന്ന പരീക്ഷയാണ്‌. അവരോടൊക്കെ മൽസരിച്ച്‌ ഈ പരീക്ഷ എഴുതുമ്പോൾ മിനിമം സത്യസന്ധത പാലിക്കാനുള്ള സെൻസ്‌ എങ്കിലും നമ്മൾ കാണിക്കണം.

പ്രശാന്ത് നായര്‍ ഐ എ എസ് എഴുതിയ ലേഖനം മലയാള മനോരമ പത്രത്തില്‍ വന്നത്

വാല്‍കഷണം:

ദേശീയ തലത്തിൽ നാലാം റാങ്ക് നേടിയാണു പ്രശാന്ത് നായർ സിവിൽ സർവീസിൽ എത്തിയത്.Compassionate Kozhikode എന്ന വോളണ്ടിയര്‍മാരുടെ  കൂട്ടായ്മ സംഘടിപ്പിച്ചു കൊണ്ട് കോഴിക്കോടിന്റെ വികസനത്തിന്  ഉതകുന്ന വിധത്തില്‍ ആരംഭിച്ചത് പ്രശാന്ത് നായര്‍ ഐ.എ.എസ് ആണ്. മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹാരം കാണാനും അന്തേവാസികള്‍ക്ക്  സാധാരണ ലഭിക്കുന്ന ഭക്ഷണത്തിന് ഉപരിയായി ഇഷ്ടമുള്ള ഭക്ഷണം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.  കംബാഷിനെറ്റ് കോഴിക്കോട് പ്രവര്‍ത്തങ്ങള്‍ ഇന്നും  ഭംഗിയായി  തുടരുന്നു.മണിച്ചിത്ര തൂണുകള്‍ എന്ന പേരില്‍ കോഴിക്കോട് നഗരത്തിലെചുമരുകള്‍ വൃത്തിയാക്കി വോളണ്ടിയര്‍മാരുടെ സഹായത്തോടെ  ചിത്രങ്ങള്‍ വരച്ചു ഭംഗിയാക്കുകയും ചെയ്തത് മറ്റൊരു നാഴികക്കല്ലായി.

 

Breaking News
Top