ഗോരഖ്പൂരിലെ തോല്‍വി 2019ലും ബി.ജെ.പിയ്ക്ക് തിരിച്ചടിയാകും, അഞ്ച് കാരണങ്ങള്‍

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടായി യോഗി ആദിത്യനാഥെന്ന രാഷ്ട്രീയ അതികായകന്‍ കൊടികുത്തി വാണിരുന്ന ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ സമാജ്വാദി സ്ഥാനാര്‍ത്ഥി വിജയിച്ചത് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

രാഷ്ട്രീയ വൈരം മറന്ന് മമതാ ബാനര്‍ജിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ സമാജ്വാദിയും ഒന്നിക്കാന്‍ തീരുമാനിച്ചതാണ് നിര്‍ണായകമായത്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ യോഗി രാജിവച്ച ഗോരഖ്പൂര്‍ മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരയ്ക്കേറ്റ തിരിച്ചടി 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുടരുമെന്നാണ് വിലയിരുത്തല്‍.

 മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴില്‍ പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളില്‍ ഒന്നാണ് ഗോരഖ്പൂരെന്നായിരുന്നു ബി.ജെ.പിയുടെ ധാരണ. 1998 മുതല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ രാജിവയ്ക്കുന്നത് വരെ അഞ്ച് തവണ ഇവിടെ ലോക്സഭാംഗമായി. 1989മുതല്‍ ഇവിടെ എം.പിയായിരുന്ന ഗോരഖ്പൂര്‍ മഠത്തിലെ മുഖ്യപുരോഹിതന്‍ മഹന്ത് അവേദ്യനാഥ് ആയിരുന്നു യോഗിയുടെ പിന്‍ഗാമി.

 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഡ്രസ് റിഹേര്‍സല്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച്‌ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട യോഗിക്ക് സമാജ്വാദി – ബി.സ്.പി സഖ്യത്തിന്റെ വിജയം തിരിച്ചടിയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയത്തിന്റെ ചുക്കാന്‍ പിടിച്ച യോഗിക്ക് അത് ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയാത്തത് അമിത ആത്മവിശ്വാസം മൂലമാണെന്ന് സമ്മതിക്കേണ്ടിയും വന്നു.

ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളുടെ അംബാസിഡറെന്ന പേരില്‍ അറിയപ്പെട്ട യോഗിക്ക് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുന്നതിനുള്ള അവസരമാണ് നഷ്ടമായത്. ഭരണത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച യോഗിയുടെ ഹിന്ദുത്വ അജന്‍ഡകള്‍ക്കും ഗോരഖ്പൂരിലെ തോല്‍വി തിരിച്ചടിയാണ്.

കാല്‍നൂറ്റാണ്ടോളം നീണ്ടുനിന്ന വൈരം മറന്ന് ബി.ജെ.പിയെ തോല്‍പ്പിക്കണമെന്ന ഒറ്റലക്ഷ്യത്തോടെ മമതാ ബാനര്‍ജിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ സമാജ്വാദിയും ഒന്നിച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടിയാണ്. ബീഹാറില്‍ രൂപം കൊണ്ട മഹാസഖ്യം പോലുള്ള സഖ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപീകരിക്കാനുള്ള ആത്മവിശ്വാസം പ്രതിപക്ഷത്തിന് നല്‍കുകയും ചെയ്യുന്നതാണ് ഗോരഖ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം.

അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വി ലോക്സഭയിലെ ബി.ജെ.പിയുടെ കക്ഷിനില, കേവല ഭൂരിപക്ഷമായ 272ലേക്ക് താഴ്ത്തി. എന്‍.ഡി.എയില്‍ തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന സഖ്യകക്ഷികളുടെ പരാതികളും ഇനി വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. മാത്രവുമല്ല, 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ്  മുന്നണിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കുകയെന്നത് ബി.ജെ.പിക്ക് മുന്നില്‍ വെല്ലുവിളിയാകും.

Top