ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, പിന്തണയ്ക്കില്ലെന്ന് ബിഡിജെഎസ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സഖ്യകക്ഷിയായ ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാനനേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചത്. വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്ത ബിജെപിയുമായി സഹകരിക്കില്ലെന്ന് തുഷാര്‍ വ്യക്തമാക്കി. ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം വിളിച്ചുചേര്‍ക്കുമെന്ന് തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് തങ്ങളോടൊപ്പം നില്‍ക്കുമെന്ന് ബിജെപി സംസ്ഥാനനേതൃത്വം ഒന്നടങ്കം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിഡിജെഎസിന്റെ നിലപാട് വന്നിരിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈക്കലാക്കാന്‍ ഉറച്ച്‌ ഇറങ്ങുന്ന ബിജെപിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് ബിഡിജെഎസ് തീരുമാനം. ചെങ്ങന്നൂരില്‍ ശക്തമായ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് ബിഡിജെഎസ്. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിഎസ് ശ്രീധരന്‍പിള്ള 42,000 ലേറെ വോട്ടുകള്‍ സ്വന്തമാക്കിയതില്‍ ബിഡിജെഎസിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

14 ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ബിഡിജെഎസിന് വാക്ക് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. ഇതില്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വം അസംതൃപ്തരാണ്.

അതിനിടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കി ബിഡിജെഎസിനെ അനുനയപ്പിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട രാജ്യസഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ തുഷാറിന് സ്ഥാനം നല്‍കിയില്ല. പകരം ബിജപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരനാണ് സീറ്റ് നല്‍കിയത്. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മത്സരിക്കുന്നത്.

Top