തീവ്രന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക്; സംസ്ഥാനം അതീവ ജാഗ്രതയില്‍

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരിക്കു തെക്കു വശത്തായി കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് പല ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്. ഇതു കനക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.

കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തി ചുഴലിക്കാറ്റായി രൂപപ്പെടുമോ എന്നു നിരീക്ഷിച്ചുവരികയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്, തെക്ക്പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്രന്യൂനമര്‍ദം രൂപം കൊണ്ടത്.

സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Top