ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ ദിലീപിനു നല്‍കണം: പ്രോസിക്യൂഷന് കോടതി നിര്‍ദേശം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള കേസ് രേഖകള്‍ പ്രതി ദിലീപിനു നല്‍കണമന്ന് കോടതി നിര്‍ദേശം. ദൃശ്യങ്ങള്‍ പ്രതിക്കു നല്‍കണോയെന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും വിചാരണ കോടതി വ്യക്തമാക്കി.

കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയ ഉടന്‍ തന്നെ ദിലീപിന്റെ അഭിഭാഷകന്‍ ഈ ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുകയെന്നത് പ്രതിയുടെ അവകാശമാണ്. അവ കൈമാറാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ഈ ആവശ്യം തള്ളിയിരുന്നു. ദിലീപിന് ദൃശ്യങ്ങളും കേസ് രേഖകളും നല്‍കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഇതേ ആവശ്യവുമായി ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണിയിലാണ്. വിചാരണക്കോടതിയുടെ നിര്‍ദേശം അനുസരിച്ച്‌ ടെലിഫോണ്‍ റെക്കോഡുകള്‍, ഫൊറന്‍സിക് രേഖകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ ദിലീപിന് കൈമാറുമെന്നാണ് സൂചന.

കേസില്‍ വിചാരണയ്ക്കു പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട ഹര്‍ജി നല്‍കിയിട്ടുണ്ട്. വിചാരണയ്ക്ക് പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയായിരിക്കണം കേസ് കേള്‍ക്കേണ്ടത്, രഹസ്യ വിചാരണ നടത്തണം, വിചാരണ അതിവേഗം പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ നടപടികള്‍ക്കു എറണാകുളം പ്രിന്‍സിപ്പല്‍ സെന്‍ഷന്‍ കോടതിയിലാണ് തുടക്കമായത്. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ എത്തണമെന്ന് നേരത്തെ സമന്‍സ് അയച്ചിരുന്നു. ഇതനുസരിച്ച്‌ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കോടതിയില്‍ എത്തി. ജാമ്യം നേടി പുറത്തുള്ള ആറു പ്രതികളും ജയിലില്‍ കഴിയുന്ന ആറു പ്രതികളുമാണ് കോടതിയില്‍ എത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

കേസിന്റെ ഇതുവരെയുള്ള നടപടികള്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് നടന്നിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആയതിനാല്‍ വിചാരണയ്ക്കായി കേസ് സെന്‍ഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു. വിചാരണ വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവു ലഭിക്കാത്ത പശ്ചാത്തലത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.

Top