നരേന്ദ്രമോദി രാമന്‍, യോഗി ആദിത്യനാഥ് ഹനുമാന്‍: ബിജെപി മന്ത്രി

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാമനോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹനുമാനോടും ഉപമിച്ച്‌ ബിജെപി മന്ത്രി.ഗൊരഖ്പുര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി അലഹബാദില്‍ സംഘടിപ്പിച്ച റാലിയില്‍ യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരെയും പുകഴ്ത്തി മന്ത്രി നന്ദകുമാര്‍ ഗുപ്തയുടെ പരാമര്‍ശം.

യോഗി ആദിത്യനാഥിനെയും നരേന്ദ്രമോദിയെയും പ്രകീര്‍ത്തിച്ച നന്ദകുമാര്‍ ഗുപ്ത ബിഎസ്പി നേതാവ് മായാവതിയെയും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചത് വിവാദമായി. മുലായം സിങ് യാദവിനെ രാവണനോടും ബിഎസ്പി നേതാവ് മായാവതിയെ ശൂര്‍പ്പണഖയോടും ഉപമിച്ചുകൊണ്ടുളള യുപി മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷ പ്രതിഷേധം ക്ഷണിച്ചുവരുത്തി. സംഭവം യുപി നിയമസഭയിലും ബഹളത്തിനിടയാക്കി.

‘കലിയുഗത്തില്‍ മുലായം എന്ന പേരില്‍ താന്‍ അവതരിക്കുമെന്ന് ഭഗവാന്‍ രാമന്‍ രാവണനോട് പറഞ്ഞു.തങ്ങള്‍ ആരാകുമെന്ന കുംഭകര്‍ണന്റെയും മേഘനാഥന്റെയും ചോദ്യത്തിന് ശിവ്പാല്‍, അഖിലേഷ് എന്നി പേരില്‍ പിറക്കുമെന്നും മേഘനാഥന്‍ ജനങ്ങളെ വിഡ്ഢിയാക്കുന്ന മുഖ്യമന്ത്രിയാകുമെന്നും രാമന്‍ പറഞ്ഞു’- നന്ദകുമാര്‍ ഗുപ്തയുടെ വിവാദ പരാമര്‍ശം നീളുന്നു.

ബിജെപി എംപിമാരുടെ മാനസിക നിലയാണ് ഇതു കാണിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് പറഞ്ഞു.

Top