നിയമോപദേശം തേടിയത് ആരുടെ നിര്‍ദേശപ്രകാരം ; സഭാ ഭൂമി ഇടപാടില്‍ കേസെടുക്കാന്‍ വൈകിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി : സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഭൂമി ഇടപാടില്‍ വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും, ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തത്. ഇതിലാണ് ജസ്റ്റിസ് ബി കമാല്‍പാഷയുടെ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്.

കോടതി ഉത്തരവിന് ശേഷം പൊലീസ് നിയമോപദേശം തേടിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് നാളെ നേരിട്ട് കോടതിയില്‍ വന്ന് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് പുറപ്പെടുവിച്ച്‌ മൂന്നു ദിവസം കഴിഞ്ഞിട്ടും കേസെടുക്കാത്ത നടപടി ഏറെ വിമര്‍ശന വിധേയമായിരുന്നു

 

കോടതി വിധി പുറപ്പെടുവിച്ചിട്ടും ആരോപണവിധേയര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച്‌ പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് വിവാദ ഭൂമിയിടപാടില്‍ ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിശ്വാസ വഞ്ചന, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്‍, ഭൂമി കൈമാറ്റത്തിന് ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top