പിണറായി രാജി വയ്ക്കണം … കടകംപള്ളിയ്ക്ക് വേറെ പണി നോക്കിക്കൂടെ… ഇതോടെ തീർന്നു ഇടത് ഭരണം…

കഴിഞ്ഞ ഒന്നരമാസത്തിനിടെ പാർട്ടി അനുഭാവികളിൽ നിന്നടക്കം പലയാവർത്തി കേട്ടതും, കമന്റിൽ കണ്ടതുമായ ചിലതാണ് മുകളിൽ പറഞ്ഞത്. വിഷയം ശബരിമലയും, അതുമായി ബന്ധപ്പെട്ട ചർച്ചകളുമായിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ. ബഹു. സുപ്രീംകോടതി വിധി വന്ന ദിവസം മുതൽ പാർട്ടി നിലപാട് വ്യക്തമാവും വിധം പോസ്റ്റുകൾ ഇട്ട ധാരാളം സഖാക്കൾക്ക് സമാന അനുഭവം ഉണ്ടായിക്കാണും . അതൊക്കെ തെറ്റിദ്ധാരണയുടെ ഭാഗമായി ഉയരുന്നതാണെന്നും , അവരോട് സൗമ്യമായി സംവദിച്ച് ബോധ്യപ്പെടുത്തണം എന്നും മാത്രമാണ് ആ ഘട്ടങ്ങളിൽ സ്വീകരിച്ച സമീപനം. അവരോട് ഇക്കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചിലത് പറയണം എന്ന് തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്.

1. പാർട്ടി കൃത്യമായും , അർത്ഥശങ്കയില്ലാതെയും നിലപാടെടുത്ത ഏത് വിഷയത്തിലും പ്രത്യക്ഷത്തിൽ വിയോജിപ്പ് തോന്നിയാൽ അമിതാവേശ ഗർത്തത്തിലേയ്ക്ക് ചാടും മുൻപ് എന്ത് കൊണ്ട് ? എങ്ങനെ? പാർട്ടി ആ നിലപാടിലേയ്ക്ക് എത്തി എന്ന് പഠിയ്ക്കാൻ ഒരു പരിശ്രമം നടത്തുന്നത് നല്ലതാണ്. അതിന് ദേശാഭിമാനി പത്രത്തിലെ എഡിറ്റോറിയലും, ചിന്ത വാരികയും മാത്രം ഒന്ന് മറിച്ച് നോക്കുകയേ വേണ്ടു.

2. എതിർ പക്ഷത്ത് നിലയുറപ്പിച്ചത് സംഘപരിവാർ ആയത് കൊണ്ട് തന്നെ ഏത് തരംതാണ പ്രചരണവും പ്രതീക്ഷിയ്ക്കേണ്ടി വരും. അതുകൊണ്ട് നമ്മുടെ വൈകാരികത പ്രകോപിതമാകുന്ന എത് തരം സന്ദേശങ്ങളും ഒന്ന് സൂക്ഷ്മമായി പരിശോധിയ്ക്കുക എന്നത് ഒരർത്ഥത്തിൽ രാഷ്ട്രീയ വിദ്യാഭ്യാസമാക്കണം സ്വയം.

3. സ്വയം വിശ്വാസി ആയിരിയ്ക്കേ തന്നെ , വിശ്വാസം വ്യക്തിയുടെ സ്വകാര്യത ആണെന്നും, അതൊരിയ്ക്കലും പൊതുസമൂഹത്തിന് ദോഷകരമാവും വിധം മാനവിക മൂല്യങ്ങളെ ചവിട്ടിയരയ്ക്കാൻ ആയുധമാക്കപ്പെടുന്നില്ല എന്നും കൂടി ഉറപ്പ് വരുത്തുമ്പോൾ ആണ് ഒരു യഥാർത്ഥ ഈശ്വരവിശ്വാസി ആത്മീയതയുടെ ശരിയായ ഉന്നതികളിലേയ്ക്ക് ഉയർത്തപ്പെടുക. ഈ വ്യക്തത മറ്റാരെക്കാളും വേണ്ടത് ഇടത്പക്ഷത്തോടൊപ്പം നില്ക്കുന്ന വിശ്വാസ സമൂഹത്തിനാവണം. അതിൽ ചാഞ്ചാട്ടമുണ്ടായാൽ അവർക്ക് വ്യക്തമായ നിലപാടിലേയ്ക്കെത്താൻ ആശയപരമായ വിശദീകരണങ്ങൾ നിരന്തരം ക്ഷമയോടെ നല്കാൻ പാർട്ടി എക്കാലവും മുന്നിലുണ്ടായിട്ടുണ്ട്.

4. ഈ കാലഘട്ടത്തിന്റെ അത്യന്താപേക്ഷിതമായ ആവിശ്യകത മതമോ, മതാചാരമോ , മതപ്രചരണമോ അല്ല എന്ന മിനിമം ചിന്ത നമുക്കുണ്ടാവണം. ആ വഴിക്ക് നമ്മേ ആരെങ്കിലും നയിക്കാൻ ശ്രമിച്ചാൽ , ജാഗ്രതയോടെ അകറ്റി നിർത്താനും തുറന്ന് കാട്ടാനും ഇടത്പക്ഷ അനുഭാവികൾക്ക് പ്രത്യേകമായ ഉത്തരവാദിത്തമുണ്ട്. അത് നേരത്തെ പറഞ്ഞ പോലെ സ്വയം വിശ്വാസി ആയിരിക്കേ തന്നെ ഏറ്റെടുക്കേണ്ട സാമൂഹ്യ ഉത്തരവാദിത്തമാണ്.

5. അവസാനമായി ഒന്ന് കൂടി പറഞ്ഞ് നിർത്തുന്നു. പാർട്ടി നിലപാട് , അതിൽ ശരികളുടെ, നന്മയുടെ, പുരോഗമനത്തിന്റെ വെളിച്ചമുണ്ടാകും. അക്കാര്യത്തിൽ ആത്മവിശ്വാസത്തോടെ പാർട്ടി സഖാക്കൾക്ക് ഉറച്ച് നില്ക്കാം. ഒരു ഉലച്ചിലും അതിലുണ്ടാകില്ല, അഥവാ ഒരു നിലപാട് തിരുത്തുന്നുവെങ്കിൽ ( വിരളമാണെങ്കിലും) അത് വിശദീകരിയ്ക്കാനും നമുക്ക് ഒരു ബുദ്ധിമുട്ടും നേരിടില്ല . അത്രയ്ക്കും ആഴത്തിൽ ചർച്ച ചെയ്ത് വ്യക്തത വരുത്തി മാത്രമേ പാർട്ടി ഒരു നിലപാട് പറയുകയുള്ളു.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പോലെയല്ല , എല്ലാം കണക്കാണെന്ന അരാഷ്ട്രീയ ജീവികളും ലക്ഷ്യം വയ്ക്കുന്നത് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്   പാർട്ടിയെ മാത്രമാണ് എന്നത് തന്നെ നമ്മൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണെന്നതിന്റെ തെളിവാണ്. മുന്നോട്ട് സഖാക്കളെ, മുന്നോട്ട് മാത്രം….

എഡിറ്റര്‍

ദി മീഡിയ ടിം

Top