ഫുട്ബോള്‍ മല്‍സരത്തിനിടെ എതിര്‍ കളിക്കാരന്‍ തള്ളിയിട്ടു; ബുറുണ്ടി പ്രസിഡന്റിനെ ആക്രമിച്ചതിന് കേസ്!

ബുജുംബുറ: ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയുടെ പ്രസിഡന്റ് പിയെറെ നുകുറുന്‍സിസ നല്ല ഫുട്ബോള്‍ താരമാണ്. കടുത്ത ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ വിശ്വാസിയായ ഇദ്ദേഹത്തിന്റെ സ്വന്തം ഫുട്ബോള്‍ ടീമിന്റെ പേര് ഹലേലുയ്യ എഫ്സി. പ്രസിഡന്റിന്റെ കാര്യമായ ‘ഔദ്യോഗിക’ പരിപാടി ബുറുണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ സ്വന്തം ടീമുമായി സഞ്ചരിച്ച്‌ ഫുട്ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ച്‌ എതിര്‍ടീമിനെ തോല്‍പ്പിക്കുക എന്നതാണ്. പ്രസിഡന്റിന്റെ സംഘത്തില്‍ ഫുട്ബോള്‍ കളിക്കാര്‍ മാത്രമല്ല, നല്ല സംഗീത ട്രൂപ്പുമുണ്ട്. ‘കൊമേസ ഗുസെങ്ക എന്നാണ് ഗാനസംഘത്തിന്റെ പേര്. പ്രാദേശിക കിരുണ്ടി ഭാഷയില്‍ ‘ഇടതടവില്ലാത്ത പ്രാര്‍ഥന’ എന്നാണര്‍ഥം. കളിക്കൊപ്പം പ്രാര്‍ഥനയും എന്നതാണ് അദ്ദേഹത്തിന്റെ രീതി.

എല്ലാ മല്‍സരത്തിലും പ്രസിഡന്റിന്റെ ടീം വിജയിക്കണമെന്നത് രാജ്യത്തെ അലിഖിത നിയമമാണ്. എതിര്‍ കളിക്കാരാവട്ടെ ഇക്കാര്യം അറിഞ്ഞു കളിക്കും. പലപ്പോഴും പ്രസിഡന്റ് പന്തുമായി വരുമ്ബോള്‍ പ്രതിരോധ നിര അദ്ദേഹത്തിനായി വഴിമാറും. എന്നാല്‍ കഴിഞ്ഞ ദിവസം കിഴക്കന്‍ പട്ടണമായ കിരെംബയില്‍ നടന്ന മല്‍സരത്തില്‍ കളിമാറി. സംഭവം സൗഹൃദ മല്‍സരമായിരുന്നുവെങ്കിലും ഇവിടെ കളി കാര്യമാവുകയായിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല.

എതിര്‍ കളിക്കാര്‍ക്ക് അറിയില്ലായിരുന്നു തങ്ങളുടെ കളി ബുറുണ്ടിയുടെ പ്രസിഡന്റിനോടാണെന്ന്! കോംഗോ അഭയാര്‍ഥികളാണ് പണി പറ്റിച്ചത്. പ്രസിഡന്റിനെ അവര്‍ നന്നായി പൂട്ടി. കാലിന് പന്ത് കിട്ടിയപ്പോഴെല്ലാം പ്രസിഡന്റിനെ തള്ളിവീഴ്ത്തി. എന്നാല്‍ ഇതിന് പണി കിട്ടിയതാവട്ടെ, ടീം മാനേജ്മെന്റിനായിരുന്നു. കിരെംബ ടീമിന്റെ അഡ്മിനിസ്ട്രേറ്ററെയും സഹായിയെയും സൈന്യം അറസ്റ്റ് ചെയ്തു. പ്രസിഡന്റിനെതിരേ ഗൂഢാലോചന നടത്തിയെന്നതായിരുന്നു കുറ്റം.

ഏതായാലും ചില്ലറക്കാരനല്ല ബുറുണ്ടി പ്രസിഡന്റ് പിയെറെ നുകുറുന്‍സിസ. 2005 മുതല്‍ രാജ്യത്തിന്റെ പ്രസിഡന്റായി വാഴുന്ന അദ്ദേഹം, മൂന്നാം തവണ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. കാരണം പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു! ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഫുട്ബോള്‍ മല്‍സരത്തില്‍ ജയിച്ചില്ലെങ്കില്‍ പ്രസിഡന്റിന് ഉറക്കം വരില്ല. ജനങ്ങളെ ഞെട്ടിക്കുന്ന ചില രീതികളുമുണ്ട് അദ്ദേഹത്തിന്. ചിലപ്പോള്‍ തേപ്പ് പണിക്കാര്‍ക്കൊപ്പം സിമന്റ് കുഴക്കുകയായിരിക്കും 54 കാരനായ പ്രസിഡന്റ്. രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവുമൊക്കെയാണെങ്കിലും ഗംഭീര സ്റ്റേഡിയങ്ങള്‍ക്ക് ഒരു കുറവും വരുത്തിയിട്ടില്ല അദ്ദേഹം.

Top