ബിജെപി ബാന്ധവം: ജനപക്ഷം പിളരും?!! സ്വന്തം പാര്‍ട്ടിയിലും സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ പിസി ജോര്‍ജിന്റെ ശ്രമം

Breaking News

കോട്ടയം: സംഘപരിവാര്‍ പാളയത്തിലേക്ക് നീങ്ങിയ പിസി ജോര്‍ജ് അതിവേഗം സംഘപരിവാര്‍ അജണ്ട സ്വന്തം പാര്‍ട്ടിയില്‍ നടപ്പിലാക്കുകയാണെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസില്‍ നിന്നും വിട്ടുമാറി രൂപീകരിച്ച ജനപക്ഷം പാര്‍ട്ടിയിലാണ് പിസി ജോര്‍ജിന്റെ നടപടികള്‍ അരങ്ങ് തകര്‍ക്കുന്നത്. ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും മുസ്ലിം നേതാക്കളെ പുറത്താക്കിക്കൊണ്ടാണ് പിസി ജോര്‍ജ് തന്റെ സംഘപരിവാര്‍ പക്ഷപാതിത്വം തെളിയിക്കുന്നത്.

 

ജനപക്ഷം വൈസ് ചെയര്‍മാന്‍ മുഹമ്മദ് സക്കീറിനെയാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ജോര്‍ജിന്റെ ബിജെപി-സംഘപരിവാര്‍ കൂട്ടുകെട്ടിനെ പാര്‍ട്ടിയില്‍ എതിര്‍ത്തതാണ് സക്കീറിനെ പുറത്താക്കാന്‍ കാരണം. സക്കീറിന് മേല്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന കുറ്റമാണ് ചുമത്തിയത്.

തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും അടക്കമുള്ള ‘പാര്‍ട്ടി കേന്ദ്രനേതൃത്വം’ ആണ് ബിജെപി ബന്ധം പ്രഖ്യാപിച്ചത്. സക്കീര്‍ ഇത് പാര്‍ട്ടിയില്‍ പൊതു ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും അതിനായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ പാര്‍ട്ടി ഫോറത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ടു.

ഇത് തന്റെ തീരുമാനമാണെന്നും മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും പിസി ജോര്‍ജിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് സക്കീര്‍ കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു മതേതരത്വ വോട്ടുകള്‍ വാങ്ങി ജയിച്ച പിസി ജോര്‍ജ് ആദര്‍ശങ്ങള്‍ കാറ്റില്‍പറത്തി സംഘപരിവാരിനൊപ്പം ചേര്‍ന്നതാണ് പാര്‍ട്ടിയിലെ പ്രബലമായ മുസ്ലിം നേതാക്കളും അണികളും വലിയ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി ഹൈന്ദവ വോട്ടുകളും ബിഷപ്പ് ഫ്രാങ്കോയെ അനുകൂലിച്ച് രംഗത്തു വന്നതോടെ ക്രിസ്ത്യന്‍ വോട്ടുകളും തനിക്ക് അനുകൂലമാകും എന്നും അതുവഴി മകന്‍ ഷോണ്‍ ജോര്‍ജിനെ പത്തനംതിട്ടയില്‍ ബിജെപി മുന്നണി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ച് വിജയിപ്പിക്കാം എന്നുമാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍.

ഈ സാഹചര്യത്തില്‍ മുസ്ലിം വോട്ടുകള്‍ കൈവിട്ടാലും തനിക്കു പ്രശ്‌നമാകില്ല എന്ന നിലപാടാണ് മുസ്ലിം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും ജോര്‍ജ് പുറത്താക്കി തുടങ്ങിയത്. സംഘപരിവാറിന്റെ ഹിഡന്‍ അജണ്ട ജോര്‍ജ് നടപ്പാക്കി തുടങ്ങിയതോടെ ആര്‍എസ്എസിന് പ്രിയപ്പെട്ടവനായി മാറാനാണ് ജോര്‍ജ് തിടുക്കം കാട്ടുന്നത്. സംഘപരിവാരുമായുള്ള കൂട്ടുകെട്ടിനെ എതിര്‍ക്കുന്നവരെ പുറത്താക്കി അവരുടെ പ്രീതി പിടിച്ചു പറ്റാനും തന്റെ പാര്‍ട്ടിയില്‍ മുസ്ലിംങ്ങള്‍ ഉള്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് ഇനി പ്രാധാന്യം കൊടുക്കില്ലെന്ന കര്‍ക്കശ നിലപാടിന്റെ തെളിവുകൂടിയാണ് സക്കീറിന്റെ പുറത്താക്കല്‍.

പുറത്താക്കിയ സക്കീറിനെതിരെ സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ നടത്തിയുള്ള സൈബര്‍ ആക്രമണങ്ങളും ആരംഭിച്ചുകഴിഞ്ഞു. തീവ്രവാദി ബന്ധമുണ്ടെന്നുള്ള വ്യാജ ആരോപണവും ഉന്നയിക്കുന്നുണ്ട്.

സക്കീറിന് മകന്‍ ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് എടുത്തതും മഹാപരാധമായി ജോര്‍ജും കൂട്ടരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം നേതാക്കളെ പുറത്താക്കിയ ജോര്‍ജിന്റെ നിലപാടില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. ഈരാറ്റുപേട്ട ഉള്‍പ്പെടെയുള്ള പൂഞ്ഞാര്‍ മണ്ഡലത്തിലെ ശക്തമായ സ്വാധീനമുള്ള ആളാണ് മുഹമ്മദ് സക്കീര്‍. പൂഞ്ഞാര്‍ രാജവംശത്തിലെ സൈന്യാധിപനായ ഖാന്‍ കുടുമ്പത്തിന്റെ പരമ്പരയില്‍പെട്ട സക്കീര്‍ മുസ്ലിം സമിതി സംസ്ഥാന ചെയര്‍മാനും ഈരാറ്റുപേട്ട നൈനാര്‍ പള്ളി പ്രസിഡണ്ടുമാണ്. ജോര്‍ജ് ചീഫ് വിപ്പ് ആയിരുന്നപ്പോള്‍ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സക്കീര്‍. സക്കീറിന്റെ മുസ്ലിം സമുദായത്തിലെ സ്വാധീനം ഉപയോഗിച്ചാണ് ജോര്‍ജ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഗണ്യമായ നേട്ടമുണ്ടാക്കി വിജയിക്കാന്‍ കാരണം.

സക്കീറിന് പകരം മറ്റൊരാളെ കണ്ടെത്തി വൈസ് ചെയര്‍മാനാക്കാന്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ സക്കീറിന്റെ അത്രയും ജനസ്വാധീനമുള്ള നേതാവ് മുസ്ലിം വിഭാഗത്തില്‍ ഇല്ലാത്തത് ജോര്‍ജിനെ കുഴയ്ക്കുന്നുണ്ട്. എന്നാല്‍ പുറത്താക്കിയതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്ന് മുഹമ്മദ് സക്കീര്‍ ഡിജിറ്റല്‍ മലയാളിയോട് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ജോര്‍ജ്ജ് ഈരാറ്റുപേട്ടയില്‍ നയ വിശദീകരണ യോഗം നടത്തുന്നുണ്ട്. അവിടെ എന്താണ് തനിക്കെതിരെ ജോര്‍ജ്ജ് നിരത്തുന്ന ആക്ഷേപങ്ങളും കുറ്റങ്ങളും എന്ന് നോക്കി പ്രതികരിക്കുമെന്ന് സക്കീര്‍ പറഞ്ഞു. തന്റെ മകന്‍ ഇഷ്ടപ്പെട്ട പാര്‍ട്ടിയില്‍ ചേരുന്നതിനെ താന്‍ തടസ്സം നില്‍ക്കുകയില്ല. അത് മകന്റെ സ്വാതന്ത്ര്യം. മകന്‍ ഡിവൈഎഫ്‌ഐ അംഗമായത് ജോര്‍ജിനെ പ്രകോപിപ്പിച്ചതിന് കാരണമായോ എന്ന ചോദ്യത്തിന് ഉത്തരമായി സക്കീര്‍ പറഞ്ഞു.

ഇതിനിടയില്‍ ജോര്‍ജ് റബര്‍കര്‍ഷകര്‍ക്ക് എതിരെ നടത്തിയ പ്രസ്താവനയും പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. റബര്‍ മേഖലയായ പൂഞ്ഞാറിലെ ജനപ്രതിനിധിയായ ജോര്‍ജ് റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കരുതെന്നാണ് നിയമസഭയില്‍ പറഞ്ഞത്. റബര്‍ വിലയിടിവിനെതിരെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി റബര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്‍പില്‍ സമരം നടത്തിയ പിസി ജോര്‍ജ് ഇപ്പോള്‍ കര്‍ഷകര്‍ക്കെതിരെ രംഗത്ത് വന്നത് ബിജെപിയുടെ കര്‍ഷകവിരുദ്ധ സമീപനത്തെ വെള്ളപൂശി സംഘപരിവാറിന്റെ മാനസ പുത്രനാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Breaking News
Top