മാധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ നിന്ന് തന്ത്രിക്ക് വിലക്ക്; സന്നിധാനത്ത് മൊബൈല്‍ ജാമറുകള്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പോലീസ് തടഞ്ഞു

Breaking News

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിന് ക്ഷേത്ര തന്ത്രി കണ്ഠര് രാജീവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോലീസ് വിലക്ക്. തന്ത്രിയുടെ മുറിയില്‍ അദ്ദേഹത്തെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് മാധ്യമങ്ങളും ഈ നിയമം പാലിക്കണമെന്നാണ് പോലീസിന്റെ നിലപാട്.

തിങ്കളാഴ്ച രാവിലെ 11.15 മണിയോടെ കാല്‍നടയായിട്ടാണ് തന്ത്രി സന്നിധാനത്തെത്തിയത്. അദ്ദേഹമെത്തിയ ഉടന്‍ തന്നെ പോലീസ് വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മൂന്നു പോലീസുകാര്‍ തന്ത്രിയുടെ മുറിക്കു മുന്നില്‍ കാവലിരിക്കുകയാണ്. തന്ത്രിയുടെ മുറിക്കു മുന്നില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചിട്ടുണ്ട്.

സോപാനത്തിലും സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളിലുമാണ് മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയാനാണ് ജാമറുകള്‍ എത്തിച്ചിരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളില്‍ താമസം അനുവദിക്കില്ലെന്ന് പറഞ്ഞ് മുറികള്‍ പൂട്ടി താക്കോല്‍ കൈമാറാന്‍ പോലീസ് നിര്‍ദേശം നല്‍കി. ദേവസ്വം, വനം, വൈദ്യുതി, ജല വകുപ്പുകള്‍ക്കാണ് ഇവിടെ ഗസ്റ്റ് ഹൗസുകളുള്ളത്. അതേസമയം ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളെയും മറ്റ് സൗകര്യങ്ങളെയും കുറിച്ച്‌ പ്രതികരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.

അതിനിടെ ശബരിമല തീര്‍ഥാടകരെ പോലീസ് തടഞ്ഞതില്‍ തിരുവനന്തപുരത്തും കൊല്ലത്തും പ്രതിഷേധം. ഇരുസ്ഥലങ്ങളിലും കെഎസ്‌ആര്‍ടിസി ബസുകള്‍ തടഞ്ഞു. പമ്ബയിലേക്ക് പോകാന്‍ കെഎസ്‌ആര്‍ടിസി അനുവദിച്ചില്ലെന്ന് ആരോപിച്ചാണു പ്രതിഷേധം. അതേസമയം, നിലയ്ക്കലില്‍ തടഞ്ഞിരുന്ന തീര്‍ഥാടകരുമായി കെഎസ്‌ആര്‍ടിസി ബസ് പമ്ബയിലേക്ക് തിരിച്ചു.

രാവിലെ 11.10നാണ് ആദ്യബസ് യാത്ര തിരിച്ചത്. സ്വകാര്യ വാഹനങ്ങളും കടത്തിവിടുന്നുണ്ട്. സന്നിധാനത്ത് വന്‍ പോലീസ് സന്നാഹമാണ് അണിനിരത്തിയിരിക്കുന്നത്. 20 കമാന്‍ഡോകളടക്കം 2,300 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ നിലയ്ക്കലില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ പോലീസ് തടഞ്ഞു.

തീര്‍ത്ഥാടകര്‍ പമ്ബയിലെത്തുന്ന മുറയ്ക്ക് സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഇവരെ സന്നിധാനത്തേക്ക് കയറ്റി വിടുമെന്നാണ് വിവരം. സന്നിധാനത്ത് എത്തിയാലും തീര്‍ത്ഥാടകരെ കൂടുതല്‍ നേരം തങ്ങാന്‍ അനുവദിക്കില്ല. സന്നിധാനത്തെ ഗസ്റ്റ് ഹൗസിലും മറ്റും ഭക്തര്‍ക്ക് താമസിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

അതിനിടെ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും പോലീസും പമ്ബയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഇന്റലിജിന്‍സും എത്തിയിട്ടുണ്ട്. രഹസ്യാന്വേഷണത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന അഞ്ചംഗസംഘമാണ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത്.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ മണിക്കൂറിലും നല്‍കണമെന്നാണ് നിര്‍ദേശം. സന്നിധാനത്ത് യുവതി പ്രവേശനം സാധ്യമാക്കിയാല്‍ സംസ്ഥാന വ്യാപകമായും ദക്ഷിണേന്ത്യയിലും ഉള്‍പ്പെടെ വന്‍ പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്നും സംസ്ഥാനത്ത് കലാപസമാനമായ അന്തരീക്ഷം ഉണ്ടായേക്കുമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Breaking News
Top