മോദിക്കും യോഗിക്കും വന്‍ തിരിച്ചടി; യുപി മുഖ്യമന്ത്രിയുടെ തട്ടകവും ബിജെപിക്ക് നഷ്ടമായി; ആദിത്യനാഥിന്റെ മണ്ഡലത്തിലും എസ് പിക്ക് വമ്പന്‍ ലീഡ്; ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും പിന്നില്‍; വൈരം മറന്ന് മായാവതിയും മുലായവും ഒന്നിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ നാണക്കേട്; നിതീഷും ഒപ്പമുണ്ടായിട്ടും ബിഹാറിലും വിജയിച്ചില്ല; ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച്‌ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍

ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍  ആദ്യ രണ്ട് റൗണ്ടുകളിലും മുന്നിലായിരുന്ന ബിജെപിയെ മറികടന്ന് എസ്പി സ്ഥാനാര്‍ത്ഥി മുന്നിലെത്തി. ഗൊരഖ്പുരില്‍ ആറ് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ പതിനായിരം വോട്ടിന്റെ വോട്ടിന്റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുണ്ട്.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എംപി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുറിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലും ബിജെപി തിരിച്ചടി നേരിടുകയാണ്. ഇത് മോദി സര്‍ക്കാരിനും ആദിത്യനാഥ് സര്‍ക്കാരിനും വമ്ബന്‍ തിരിച്ചടിയാണ്. തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടോടെ ചിത്രം മാറി. എസ്പി സ്ഥാനാര്‍ത്ഥി ലീഡ് പിടിക്കുകയായിരുന്നു. ഫൂല്‍പ്പൂരിലും കഴിഞ്ഞ തവണ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച സ്ഥാനത്താണിത്.

രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ഫലം മറിച്ചാകുമെന്ന് ഈ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. വിശാല മുന്നണിക്കുള്ള സാധ്യതയും തെളിയും. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലും വോട്ട് വിഭജിച്ച്‌ പോയതായിരുന്നു ബിജെപിക്ക് യുപിയില്‍ വന്‍ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ യുപിയില്‍ ബിഎസ്പിയും എസ് പിയും കൈകോര്‍ക്കാനുള്ള സാധ്യത തെളിയുകയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും നാമമാത്രമായ വോട്ട് മാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസും പുതിയ വിശാല സഖ്യത്തിലെത്താന്‍ സാധ്യത ഏറെയാണ്.

ബിഎസ്പി – എസ്പി കൂട്ടുകെട്ട് ബിജെപിക്കുയര്‍ത്തുന്ന ഭീഷണി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ലീഡ് നില. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗോരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ശുക്ലയാണ് മത്സരിക്കുന്നത്. അതേസമയം യുപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഒഴിവില്‍ ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തില്‍ തുടക്കത്തില്‍ ബിജെപി ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടില്‍ എസ്പിയാണ് മുന്നില്‍. ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗൊരഖ്പുരില്‍ 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.

ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മാര്‍ച്ച്‌ 11-നായിരുന്നു തിരഞ്ഞെടുപ്പ്. ഇതിനിടെ ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ലീഡ് നില റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയത് വിവാദമായി. ലീഡ് നിലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പിന്നോട്ടടിക്കുമ്ബോഴാണ് നിര്‍ദ്ദേശം വന്നതെന്ന് എന്‍ഡിടിവി അടക്കം റിപ്പോര്‍ട്ട് ചെയ്തു. ഗോരഖ്പുരില്‍ ജില്ലാമജിസ്ട്രേറ്റ് നിക്ഷപക്ഷമായല്ല വോട്ടെണ്ണലിന് നേതൃത്വം നല്‍കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. ബിജെപിയെ തകര്‍ക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച്‌ നിന്നു.

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അറാരിയ ലോക്സഭാ സീറ്റില്‍ ബിജെപിക്കായിരുന്ന തുടക്കത്തില്‍ ലീഡ്. പിന്നീട് ഇവിടേയും ആര്‍ജെഡി മുന്നിലെത്തി. ഇതോടെ ഉപതെരഞ്ഞെടുപ്പ് നടന്ന 3 ലോക്സഭാ സീറ്റിലും ബിജെപിക്ക് തിരിച്ചടിയായി ഫലം. ബിഹാറിലെ ഭാഭ്വ നിയമസഭാ സീറ്റില്‍ ബിജെപിയും ജഹനാബാദില്‍ ആര്‍ജെഡിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

Top