യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളയും മാവേലിയും തിങ്കളാഴ്ച മുതല്‍ കൊച്ചുവേളിയില്‍ നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസും മംഗലാപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസും തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 15 വരെ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക. പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. കേരള എക്‌സ്പ്രസ് രാവിലെ 11.15നും മാവേലി വൈകിട്ട് 6.45നും തന്നെയായിരിക്കും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുക. ഈ ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷന് പകരം കൊച്ചുവേളിയിലായിരിക്കും യാത്ര അവസാനിപ്പിക്കുക.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്ബര്‍ പ്‌ളാറ്റ് ഫോം പൂര്‍ണമായി പൊളിച്ച്‌ പുതുതായി നിര്‍മ്മിക്കുന്ന ജോലികള്‍ നടത്തുന്നതാണ് രണ്ട് ട്രെയിനുകള്‍ കൊച്ചുവേളിയിലേക്ക് മാറ്റാന്‍ കാരണം. നിലവില്‍ അഞ്ച് പ്‌ളാറ്റ് ഫോമുകളാണ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലുള്ളത്. ഒരെണ്ണം പൊളിക്കുന്നതോടെ ഉണ്ടാകാനിടയുള്ള തിരക്ക് കുറയ്ക്കുന്നതിനാണ് രാവിലെയും വൈകിട്ടുമുള്ള ഓരോ ട്രെയിനുകള്‍ കൊച്ചുവേളിയിലേക്ക് മാറ്റുന്നത്. കേരള എക്‌സ്പ്രസിന്റെ പ്രതിദിന കോച്ച്‌ മെയിന്റനന്‍സ് നടത്തുന്നത് കൊച്ചുവേളിയിലാണ്. ഇത് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതും പോകുന്നതുമുള്ള നടപടി ഒഴിവാക്കാനും മാറ്റം സഹായിക്കും.

വൈകിട്ട് സെന്‍ട്രല്‍ സ്‌റ്റേഷനിലെ തിരക്ക് ഒഴിവാക്കാനാണ് മാവേലി കൊച്ചുവേളിയിലേക്ക് മാറ്റിയത്. ഇതുമൂലം പണി നടക്കുന്ന ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകള്‍ സ്‌റ്റേഷന്റെ ഔട്ടറില്‍ പിടിച്ചിടുന്നത് ഒഴിവാക്കാനാക്കും.

Top