യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നേടിക്കൊടുക്കാന്‍ സി.പി.എം. പരിശീലന പദ്ധതികള്‍.

Breaking News

കണ്ണൂര്‍: സോളാര്‍ കുരുക്കിലായ നേതാക്കളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്/യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാടുപെടുമ്പോള്‍, യുവജനപ്രവര്‍ത്തകര്‍ക്കു സര്‍ക്കാര്‍ ജോലി നേടിക്കൊടുക്കാന്‍ സി.പി.എം. പരിശീലനപദ്ധതികള്‍.

ഏറ്റവുമധികം തൊഴിലവസരമുള്ള സൈന്യത്തിലേക്കും പോലീസിലേക്കുമുള്ള പ്രീറിക്രൂട്ടിങ് സെന്ററാണ് ആദ്യം. തുടര്‍ന്നു പി.എസ്.സി. പരിശീലനങ്ങളിലേക്കു കടക്കും.

നിലവില്‍ ഡി.വൈ.എഫ്.ഐയുടെയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സാംസ്‌കാരികസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പി.എസ്.സി. പരിശീലനം ഏകീകൃതസ്വഭാവത്തില്‍ നടപ്പാക്കി.

കഴിഞ്ഞ വേനലവധിക്കാലത്ത് ഡി.വൈ.എഫ്.ഐ. സംസ്ഥാനവ്യാപകമായി പി.എസ്.സി. പരിശീലനം സംഘടിപ്പിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ വിലക്കുള്ള കെ.എസ്.ഇ.ബി. മസ്ദൂര്‍ പരീക്ഷയ്ക്കും പാര്‍ട്ടി പരിശീലനം നല്‍കിയിരുന്നു. കൂലിപ്പണിക്കാരായ നിരവധിപേര്‍ക്ക് അതിലൂടെ സര്‍ക്കാര്‍ ജോലിക്കാരാകാന്‍ അവസരമൊരുങ്ങി.

ഭരണം കൈയാളുമ്പോള്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു തൊഴില്‍ പരിശീലനം. അടുത്തിടെ സി.പി.എം. സംസ്ഥാനതലത്തില്‍ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിയില്‍ രക്ഷിതാക്കള്‍ മക്കളുടെ ഭാവിയെക്കുറിച്ചു പ്രകടിപ്പിച്ച ആശങ്കയും ഉള്‍ക്കൊണ്ടാണു നടപടി. സൈനികനിയമനം ഉറപ്പുനല്‍കി വന്‍തുക കൈപ്പറ്റുന്ന സ്വകാര്യ പരിശീലനസ്ഥാപനങ്ങളുടെ ചൂഷണത്തെപ്പറ്റിയും ഒട്ടേറെപ്പേര്‍ പരാതിപ്പെട്ടിരുന്നു.

വരുമാനം, രാഷ്ട്രീയം, ജോലി എന്നിവ തിരിച്ച് സി.പി.എം. നടത്തിയ സര്‍വേയിലും താഴേത്തട്ടിലെ സജീവപ്രവര്‍ത്തകരുടെ തൊഴില്‍പ്രശ്നം ഉയര്‍ന്നുവന്നു. എല്ലാ ജില്ലയിലും പ്രീറിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍ തുടങ്ങും. ഇതുസംബന്ധിച്ചു ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കി. കണ്ണൂര്‍ തളാപ്പിലെ പ്രീറിക്രൂട്ട്മെന്റ് കേന്ദ്രം 30-നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ും.

വിദഗ്ധപരിശീലകര്‍ക്കൊപ്പം പാര്‍ട്ടി അനുഭാവികളായ വിമുക്തഭടന്മാരുടെ സേവനവും പ്രയോജനപ്പെടുത്തും. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി നേരത്തേ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിയും സ്ത്രീകളെ ആകര്‍ഷിക്കാന്‍ യോഗാ പരിശീലനകേന്ദ്രങ്ങളും സി.പി.എം. തുടങ്ങിയിരുന്നു.

Breaking News
Top