യുവതി പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല; സര്‍ക്കാര്‍ സവര്‍ണ,അവര്‍ണ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: നവോത്ഥാന സംഘടനകളുടെ സംഗമത്തിന് എതിരെ എന്‍എസ്‌എസ്‌

ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് എതിരെ വീണ്ടും എന്‍എസ്‌എസ്. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുന്ന ജാതീയമായ വിഭാഗിയത സൃഷ്ടിക്കാനെ ഉപകരിക്കൂ. നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് നവോത്ഥാന സംഘടനകളുടെ സംഗമത്തിന് പിന്നിലെന്നും എന്‍എസ്‌എസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അനാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാനത്തിലൂടെ ഇല്ലാതാക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രശ്‌നമാണ് ശബരിമലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. നവോത്ഥാനവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

ഈ വസ്ഥുത തിരിച്ചറിഞ്ഞ് കേസുണ്ടായപ്പോള്‍ തന്നെ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നുവെന്നും എന്‍എസ്‌എസ് പറയുന്നു. വിശ്വാസികളുടെ ഇടയില്‍ സവര്‍ണ,അവര്‍ണ വേര്‍തിരിവ് സൃഷ്ടിച്ച്‌ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ തെറ്റുപറ്റിയെന്നും സുകുമാരന്‍ നായര്‍ പറയുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമൂഹിക സംഘടനകളുടെ യോഗത്തില്‍ നിന്ന് എന്‍എസ്‌എസ് വിട്ടുനിന്നിരുന്നു. എന്‍എസ്‌എസ് വിട്ടു നിന്നപ്പോള്‍ എസ്‌എന്‍ഡിപി യോഗത്തില്‍ പങ്കെടുത്തു. മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. കേരളം വീണ്ടും ഭ്രാന്താലയമാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തി നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ദിനത്തില്‍ വനിതാ മതില്‍ സൃഷ്ടിക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ സൃഷ്ടിക്കുക.

Top