യു പിയില്‍ താമര കരിയുന്നു; ഉപതെരഞ്ഞെടുപ്പില്‍ യോഗിക്ക് കനത്ത തിരിച്ചടി, എസ് പി വന്‍ ലീഡോടെ മുന്നേറുന്നു, ബിഹാറിലും തിരിച്ചടി തന്നെ, ഗോരഖ് പൂരിലേക്ക് മാധ്യമങ്ങള്‍ക്ക് വിലക്ക്, സ്ഥലത്ത് സംഘര്‍ഷം

ഉത്തര്‍പ്രദേശ് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു കനത്ത തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ് പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജെപിയുടെ ലീഡ് കുത്തനെയിടിഞ്ഞു. രണ്ടിടത്തും സമാജ് വാദി പാര്‍ട്ടിയുടെ (എസ്പി) സ്ഥാനാര്‍ഥികളാണു മുന്നില്‍.

അതേസമയം ബി ജെപിക്ക് ലീഡ് കുറഞ്ഞതോടെ ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബി.ജെ.പിയെ പിന്തള്ളി സമാജ് വാദി പാര്‍ട്ടി മുന്നേറിയതിന് പിന്നാലെയാണ് തത്സമയ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഇത് മാധ്യമപ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിന് ഇടയാക്കി. നിലവില്‍ ബി.ജെ.പിയുടെ ഉപേന്ദ്ര കുമാര്‍ ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദിനേക്കാള്‍ 11,000 വോട്ടുകള്‍ക്ക് പിന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേല ആവശ്യപ്പെടുകയായിരുന്നു. മണ്ഡലത്തിലെ മുഴുവന്‍ വോട്ടും എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ തങ്ങള്‍ പ്രഖ്യാപനം നടത്തൂവെന്നാണ് ജില്ലാ മജിസ്ട്രേറ്റിന്റെ വാദം.

അതേസമയം ബിഹാറില്‍ ഉപതെരഞ്ഞെടുപ്പു നടന്ന അരാരിയ ലോക്സഭാ സീറ്റിലും രണ്ടു നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നിലായി. ഇവിടെ ആര്‍ജെഡി കുതിക്കുന്നു.

ഗോരഖ് പൂരില്‍ ഏകപക്ഷീയമായി ജയിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണു തകര്‍ന്നത്. എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ഇവിടെ ലീഡ് ചെയ്യുന്നു. ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല രണ്ടാമതാണ്. ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ പതിനയ്യായിരത്തിലധികം വോട്ടിനു മുന്‍പില്‍ നില്‍ക്കുന്നു. ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു രണ്ടാമത്.

ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനില്‍ക്കുന്നുവെന്ന പ്രത്യേകതയാണു യുപി ഉപതെരഞ്ഞെടുപ്പിനുള്ളത്. ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലമാണു ഗോരഖ്പൂര്‍. ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 325 സീറ്റിന്റെ കൂറ്റന്‍ വിജയമാണു ബിജെപി നേടിയത്.

പൊതുതെരഞ്ഞെടുപ്പിന്റെ ‘റിഹേഴ്സല്‍’ എന്ന് ആദിത്യനാഥ് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പില്‍, ബിജെപിയും എസ്പിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തിനായി ഫുല്‍പുര്‍, ഗോരഖ്പുര്‍ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടിയെ (എസ്പി) പിന്തുണയ്ക്കുമെന്നു മായാവതിയുടെ ബഹുജന്‍സമാജ് പാര്‍ട്ടി (ബിഎസ്പി) അറിയിച്ചിരുന്നു.

രണ്ടുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു- ഫുല്‍പുരില്‍ മനീഷ് മിശ്രയും ഗോരഖ്പുരില്‍ സുരീത കരീമും. ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അരരിയയില്‍ തെരഞ്ഞെടുപ്പു വേണ്ടിവന്നത്.

Top