രാജ്യസഭാ തിരഞ്ഞെടുപ്പ് ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളും…ആദായ നികുതി വിവരങ്ങള്‍ മറച്ചുവെച്ചു; വി മുരളീധരന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്

രാജ്യസഭ തെരഞ്ഞെടുപ്പിനായി ബിജെപി നേതാവ് വി മുരളീധരന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്. ആദായ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചുവെച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ആദായ നികുതി ഇതുവരെ അടച്ചിട്ടില്ലെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പ് കാലത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചിട്ടുള്ളതായി പറയുന്നുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് ചട്ട പ്രകാരം സത്യവാങ്മൂലത്തില്‍ ബോധപൂര്‍വമായ തെറ്റുവരുത്തുന്ന പത്രിക തള്ളികളയാം. 2016ല്‍ അറിയാമായിരുന്ന വിവരം 2018ല്‍ മറച്ചുവെക്കുകയാണ് ചെയ്തിട്ടുള്ളത്.

2004-2005ലാണ് അവസാനമായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചതെന്നാണ് കഴക്കൂട്ടത്ത് മത്സരിച്ച സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ മുരളീധരന്‍ പറഞ്ഞിട്ടുള്ളത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച സാമ്ബത്തിക വര്‍ഷം ഏതാണെന്ന കോളത്തില്‍ 2004-2005 എന്നും ആദായ നികുതി റിട്ടേണില്‍ കാണിച്ചിരിക്കുന്ന വരുമാനം എന്ന കോളത്തില്‍ 3,97,558 എന്നും മുരളീധരന്‍ എഴുതിനല്‍കിയിട്ടുണ്ട്.

എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനായി നല്‍കിയ സത്യവാങ്മൂലത്തില്‍ മേല്‍പ്പറഞ്ഞ രണ്ടു ചോദ്യങ്ങള്‍ക്കും ‘ബാധകമല്ല’ എന്നാണ് ഉത്തരം.

അതേസമയം, രണ്ടു സത്യവാങ്മൂലത്തിലും ഭാര്യയുടെ ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. ഭാര്യ കെ.എസ് ജയശ്രീ 2015-16 വര്‍ഷമാണ് അവസാനമായി ടാക്സ് റിട്ടേണ്‍ നല്‍കിയതെന്നും കാണിച്ചിരിക്കുന്ന വരുമാനം 799226 ആണെന്നുമാണ് കഴക്കൂട്ടത്ത് മത്സരിച്ച സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

പുതിയ സത്യവാങ്മൂലത്തില്‍ ഭാര്യ 2016-17 വര്‍ഷത്തില്‍ 935950 രൂപ വരുമാനം കാണിച്ചിട്ടുണ്ടെന്നും പറയുന്നു.

Top