രോഗത്തെ പൊരുതി തോല്‍പ്പിച്ചു: ഒടുവില്‍ സ്റ്റീഫന്‍ ഹോക്കിംഗ് മടങ്ങി, അന്ത്യം 76ാം വയസ്സില്‍

ലണ്ടന്‍: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. സ്റ്റീഫന്‍ ഹോക്കിഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കേംബ്രിഡ്ജിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിക്കുന്നത്. അദ്ദേഹം മികച്ച ശാസ്ത്രജ്ഞനും അസാമാന്യ വ്യക്തിത്വത്തിന് ഉടമയും ആയിരുന്നുവെന്നും മക്കള്‍ പ്രസ്താവനയില്‍ കുറിക്കുന്നു. ഹോക്കിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും അദ്ദേഹം എന്നന്നേക്കും ഞങ്ങളു‍ടെ ഓര്‍മയില്‍ ഉണ്ടാകുമെന്നും മക്കള്‍ കുറിക്കുന്നു. നാഡീരോഗ ബാധിതനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് വീല്‍ച്ചെയറിലിരുന്ന് ശാസ്ത്രത്തിന് അപൂര്‍വ്വ സംഭാവനകളാണ് നല്‍കിയത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍  രൂപമെടുക്കുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ നിര്‍ണായക വിവരങ്ങളാണ് ഹോക്കിംഗ് ലോകത്തിന് നല്‍കിതയ്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രം പ്രൊഫസറായിരിക്കെയാണ് അന്ത്യം സംഭവിച്ചിട്ടുള്ളത്.

ഫ്രാങ്ക് ഹോക്കിന്‍സ്- ഇസബെല്‍ ഹോക്കിന്‍സ് ദമ്ബതികളുടെ മകനായി 1942 ജനുവരി എട്ടിന് ഓക്സ്ഫ‍ഡിലായിരുന്നു ഹോക്കിംഗിന്റെ ജനനം. 17ാം വയസില്‍ ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഹോക്കിംഗിന് ഗവേഷണത്തിനിടെ മോട്ടോര്‍ ന്യൂറോണ്‍ എന്ന അപൂര്‍വ്വ നാഡീരോഗം ബാധിക്കുകയായിരുന്നു.

1963ല്‍ 21ാം വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന നാഡീരോഗത്തെ തുടര്‍ന്ന് ഹോക്കിംഗിന്റെ കൈകാലുകള്‍ തളര്‍ന്നു പോകുകയായിരുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കിയ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ തന്നെയായിരുന്നു ഹോക്കിംഗ് ഗവേഷണവും പൂര്‍ത്തിയാക്കിയത്. വൈദ്യശാസ്ത്രത്തിന്റെ പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ഹോക്കിംഗ് 76 വയസുവരെ ജീവിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസ്സായിരുന്നു ‍ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിധിച്ചിരുന്നത്.

ബ്രിട്ടീഷ് സണ്‍ഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലറായി റെക്കോര്‍ഡ് ഭേദിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ രചയിതാവ് ഹോക്കിംഗായിരുന്നു. ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണ് ലോകത്ത് വിറ്റഴിഞ്ഞത്. പിന്നീട് തിയറി ഓഫ് എവരിതിംഗ് എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു.

Top