ശബരിമല സമരം; കോണ്‍ഗ്രസും ബിജെപിയും വെട്ടില്‍

Breaking News

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവില്‍ തുടങ്ങിയ രാഷ്ട്രീയ മുതലെടുപ്പ‌് സമരം തിരിഞ്ഞുകുത്താന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍. തമ്മില്‍ത്തല്ലും ആശയക്കുഴപ്പവും മൂത്ത‌് ബിജെപി നേതൃത്വം പരക്കം പായുകയാണെങ്കില്‍ അണികളുടെയും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്കും നിസ്സംഗതയുംകണ്ട‌് അന്തം വിട്ടുനില്‍ക്കുകയാണ‌് കോണ്‍ഗ്രസ‌് നേതൃത്വം.

നിയമസഭാസമ്മേളനം തുടങ്ങിയ നാള്‍മുതല്‍ ശബരിമലയുടെ പേരില്‍ സഭാനടപടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച യുഡിഎഫിലും ഭിന്നത മൂത്തു. തിങ്കളാഴ‌്ച സഭ ചേരുമ്ബോള്‍ മറ്റ‌് വിഷയങ്ങള്‍ ഉന്നയിക്കണമെന്ന ആവശ്യവും യുഡിഎഫില്‍ ശക്തമായി. ഈ സാഹചര്യത്തില്‍ തിങ്കളാഴ‌്ച യുഡിഎഫ‌് നിയമസഭാ കക്ഷി യോഗം ചേര്‍ന്നശേഷമേ തീരുമാനമെടുക്കൂ. ശബരിമല സമരത്തിന്റെ പേരില്‍ തുടര്‍ച്ചയായി സഭ സ‌്തംഭിപ്പിക്കുന്നതില്‍നിന്ന‌് തല്‍ക്കാലം പിന്മാറാനാണ‌് സാധ്യത.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നീക്കണമെന്ന‌് ആവശ്യപ്പെട്ടും ഭക്തര്‍ക്ക‌് അടിസ്ഥാനസൗകര്യം പോലും ഇല്ലെന്ന‌് ആക്ഷേപിച്ചുമാണ‌് നാല‌് ദിവസവും സഭ സ‌്തംഭിപ്പിച്ചത‌്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയെയും മറ്റ‌് യുഡിഎഫ‌് നേതാക്കളെയും ശബരിമലയിലേക്ക‌് ക്ഷണിച്ചിരിക്കുകയാണ‌്. ഈ നൂറ്റാണ്ട‌് കണ്ട ഏറ്റവും വലിയ പ്രളയം വിഴുങ്ങിയ പമ്ബയിലും സന്നിധാനത്തും ശബരിമല തീര്‍ഥാടന കേന്ദ്രത്തിലാകെയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ കാണാന്‍. പ്രതിപക്ഷനേതാവ‌് ചൂണ്ടിക്കാട്ടുന്ന ഏത‌് അസൗകര്യവും നേരില്‍ക്കണ്ട‌് ചര്‍ച്ച ചെയ്യാമെന്ന ഈ നിര്‍ദേശം പ്രതിപക്ഷത്തിനോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ‌്. അയ്യപ്പഭക്തര്‍ക്ക‌് വേണ്ടിയെന്ന പേരില്‍ നടത്തുന്ന സമരത്തില്‍ ആത്ഥാര്‍ഥത ഉണ്ടെങ്കില്‍ മന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷം സ്വീകരിക്കേണ്ടി വരും. ബിജെപിയുടെ പുറകെ ഒട്ടും ആലോചനയില്ലാതെ ഒരു വിഭാഗം സമരത്തിലേക്ക‌് എടുത്തുചാടിയതിന്റെ പാപഭാരമാണ‌് കോണ്‍ഗ്രസ‌് ഇന്ന‌് നേരിടുന്നതെന്ന‌് പല മുതിര്‍ന്ന നേതാക്കളും പരാതിപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ നിലപാട‌് പോലും തള്ളിപ്പറയേണ്ടിവന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സഭയ‌്ക്കകത്ത‌് നടക്കുന്ന സമരംകൂടി നിര്‍ത്തുന്നതോടെ പതനം പൂര്‍ണമാകുമെന്നും ഇവര്‍ കണക്ക‌് കൂട്ടുന്നു. തദ്ദേശസ്ഥാപനങ്ങളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സാമൂഹ്യസംഘടനകളുടെ യോഗത്തിലെ വന്‍ പങ്കാളിത്തവും ജനുവരി ഒന്നിന‌് വനിതാ മതില്‍ സംഘടിപ്പിക്കുന്നതുമെല്ലാം കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ള അടിയായും വിലയിരുത്തപ്പെടുന്നു.

അതേസമയം തുടങ്ങിയ സമരം നിര്‍ത്താനും തുടരാനും കഴിയാതെ വെട്ടിലായിരിക്കുകയാണ‌് ബിജെപി. ശബരിമലയിലെ സമരം നിര്‍ത്തി തലസ്ഥാനത്ത‌് തിങ്കളാഴ‌്ചമുതല്‍ നിരാഹാര സമരം തുടങ്ങുമെന്നാണ‌് അറിയിച്ചിരുന്നത‌്. ഇതിനെതിരെ എതിര്‍ചേരി കോലാഹലമുണ്ടാക്കാന്‍ തുടങ്ങിയതോടെ നിലയ‌്ക്കലില്‍ കുഴപ്പമുണ്ടാക്കാന്‍ ഒരു സംഘം ശ്രമിച്ചു.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കരിങ്കൊടി കാണിച്ചും കുഴപ്പത്തിന‌് ശ്രമിച്ചു. പ്രവര്‍ത്തകര്‍ ഉള്‍വലിഞ്ഞു. കേന്ദ്രനേതാക്കളെ കൂടി കൊണ്ടുവന്നെങ്കിലും ഏശിയില്ല. തിങ്കളാഴ‌്െത്ത നിരാഹാരത്തിലും അനിശ്ചിതത്വമാണ‌്.

Breaking News
Top