സിസിടിവി നേതാവിനെ കുടുക്കി; മുസ്ലിം ലീഗ് ഓര്‍ക്കാട്ടേരി മണ്ഡലം കമ്മിറ്റിയില്‍ പൊട്ടിത്തെറി

വടകര:മുസ്ലിം ലീഗ് നേതാവിനെ ആദരിക്കുന്നതിന്റെ ഭാഗമായി ഓര്‍ക്കാട്ടേരിയില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് നശിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് വടകര മണ്ഡലം സെക്രട്ടറിയെ ജില്ലാ നേതൃത്വം തല്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തു.മണ്ഡലം സെക്രട്ടറിയും,അധ്യാപകനുമായ ഓകെ കുഞ്ഞബ്ദുള്ളയ്ക്കെതിരെയാണ് നടപടി.മദ്റസ അധ്യാപകനും ഓര്‍ക്കാട്ടേരിയിലെ മുസ്ലിം ലീഗ് നേതാവുമായിരുന്ന ഏവി അബൂബക്കര്‍ മൗലവിയെ മഹല്ല് കമ്മറ്റി ആദരിക്കുന്നതിന്റെ പ്രചരണ ബോര്‍ഡാണ് കഴിഞ്ഞ നവംബര്‍ മാസം അര്‍ദ്ധരാത്രിയോടെ നശിപ്പിക്കപ്പെട്ടത്.

ഓര്‍ക്കാട്ടേരി ജുമാ അത്ത് പള്ളിയുടെ മുന്‍വശം സ്ഥാപിച്ച പ്രചരണ ബോര്‍ഡ് അര്‍ദ്ധ രാത്രി മുഖം മറച്ചെത്തിയ നേതാവ് അടിച്ചു തകര്‍ത്ത് അടുത്ത പറമ്ബിലേക്ക് വലിച്ചെറിയുകയായിരുന്നു.പള്ളിയിലെ സിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടാകാമെന്ന് വ്യക്തമായതോടെ പിറ്റേ ദിവസം രാവിലെ പഞ്ചായത്തിലെ യൂത്ത് ലീഗ് നേതാവിനെ കൂട്ടി പള്ളിയില്‍ സ്ഥാപിച്ച കംപ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ദൃശ്യം മായ്ച്ചു കളയുകയായിരുന്നു.മുസ്ലിം ലീഗിലെ മറ്റു നേതാക്കള്‍ ബോര്‍ഡ് നശിപ്പിച്ച പ്രതിയെ കണ്ടെത്താന്‍ സിസിടിവി പരിശോധിച്ചപ്പോള്‍ സംഭവം നടന്ന ദിവസത്തെ ദൃശ്യങ്ങള്‍ മായ്ച്ച നിലയില്‍ കണ്ടതാണ് സംശയത്തിനിടയാക്കിയത്.

ഓര്‍ക്കാട്ടേരിയില്‍ മുസ്ലിം ലീഗ് നേതാക്കളുടെ പ്രതിഷേധം

പിന്നീട് റിക്കവറി സംവിധാനം ഉപയോഗിച്ച്‌ ദൃശ്യം തിരികെ ലഭിച്ചപ്പോഴാണ്

പാര്‍ട്ടി നേതൃത്വത്തിന് ഞെട്ടലുണ്ടായത്.നാട്ടില്‍ ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ നേതാവ് തന്നെ ശ്രമിച്ചത് മുസ്ലിം ലീഗിലും വിവാദത്തിനിടയാക്കി.മണ്ഡലം സെക്രട്ടറിയുടെ ഇത്തരം നടപടിക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു.പാര്‍ട്ടിയ്ക്ക് ഏറെ ദോഷമുണ്ടാക്കിയ കുഞ്ഞബ്ദുള്ളക്കെതിരെ പാര്‍ട്ടിക്കകത്ത് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.സെക്രട്ടറിയെ

മാറ്റണമെന്ന് മണ്ഡലത്തിലെ നാലു പഞ്ചായത്ത് കമ്മറ്റികളും,വടകര മുനിസിപ്പല്‍ ഏരിയാ കമ്മറ്റിയും ഏക സ്വരത്തില്‍ അഭിപ്രായപെട്ടതോടെയാണ് ജില്ലാ നേതൃത്വത്തിന് വഴങ്ങേണ്ടി വന്നത്.

കാര്‍ത്തികപ്പള്ളി മഹല്ല് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുഞ്ഞബ്ദുള്ളയുടെ പാനല്‍ തോല്‍ക്കാന്‍ ഏവി അബൂബക്കര്‍ മൗലവിയുടെ പ്രവര്‍ത്തനമാണെന്ന സംശയത്തിലാണ് ഇത്തരം ദുഷ് പ്രവൃത്തി നടത്താന്‍ പ്രേരിപ്പിച്ചത്.വിഭാഗിയത രൂക്ഷമായ വടകര മണ്ഡലം കമ്മറ്റിയില്‍ പ്രസിഡണ്ടിനെതിരെയും നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് വടകര മുനിസിപ്പല്‍ ഏരിയാ കമ്മറ്റി ഭാരവാഹികള്‍ ജില്ലാ,സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള എംഐ സഭയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ മണ്ഡലം പ്രസിഡണ്ടായ എംസി ഇബ്രാഹിം,വൈസ് പ്രസിഡണ്ട് എന്‍പി അബ്ദുള്ളഹാജി,എന്നിവരടക്കം 15 പേര്‍ റിബലായി മത്സരിച്ചതാണ് മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയത്.ഇതില്‍ ഔദ്യോഗിക വിഭാഗത്തിലെ നാലു പേര്‍ പരാജയപ്പെട്ടിരുന്നു.മണ്ഡലം പ്രസിഡണ്ടായ എംസി ഇബ്രാഹിമിനെയും,വൈസ് പ്രസിഡണ്ടായ എന്‍പിഅബ്ദുള്ളഹാജിയേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പല്‍ ഏരിയാ പ്രസിഡണ്ടായ കെകെ മഹമൂദ്,സെക്രട്ടറി ടിഐ നാസര്‍ എന്നിവരാണ് നേതൃത്വത്തിന് പരാതി നല്‍കിയത്.നടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്.നടപടി

ഉണ്ടായാല്‍ മുസ്ലിം ലീഗില്‍ വടകര മണ്ഡലത്തില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്.

Top