സുഗതന്റെ ആത്മഹത്യ: ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഐ

കൊല്ലം: പുനലൂരില്‍ പ്രവാസി മലയാളി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സിപിഐ സ്വീകരണം. ജാമ്യം ലഭിച്ച 3എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത് . കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഇന്നലെയാണ് കൊല്ലം ജില്ലാ കോടതി ജാമ്യം നല്‍കിയത്.

എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലാണ് ഉടമ സുഗതന്‍ ജീവനൊടുക്കിയത്.

ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും ആറു മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്വന്തമായൊരു വര്‍ക്ക്ഷോപ്പ് തുടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇതനുസരിച്ച്‌ പത്തനാപുരത്ത് സ്ഥലം വാടകയ്ക്കെടുത്ത് വര്‍ക്ക്ഷോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് വയല്‍നികത്തിയ സ്ഥലത്താണ് വര്‍ക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്തു വന്നു.

വര്‍ക്ക്ഷോപ്പിന് മുന്‍പില്‍ ഇവര്‍ കൊടികുത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ തന്റെ ബിസിനസ് സംരഭം തകര്‍ന്ന വേദനയില്‍ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. പണം നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞു പിതാവിനെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമീപിച്ചതായി സുഗതന്റെ മകന്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Top