
കൊച്ചി: പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് യൂണിയന് ഉദ്ഘാടനത്തിനിടയില്‍ നടന് ബിനീഷ് ബാസ്റ്റിനും സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും തമ്മിലുണ്ടായ വിവാദ വിഷയത്തിന് വിരാമം.
ഇരുവരും തമ്മില്‍ സിനിമ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ ഭാരവാഹികളുമായി കൊച്ചിയിലെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. അനില്‍ രാധാകൃഷ്ണന് മേനോന് ബിനീഷിനെതിരേ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ചര്‍ച്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞു. എന്നാല്‍ അനില്‍ രാധാകൃഷ്ണന് മേനോന് വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
ബിനീഷ് ബാസ്റ്റിന് സിനിമാ മേഖലയില്‍ തുടര്‍ന്നും ഫെഫ്കയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജാതി വിഷയമായിട്ടില്ലെന്ന് സംഭവമുണ്ടായ അന്നുതന്നെ ഇരുവരും പറഞ്ഞിരുന്നു. മലയാള സിനിമയില്‍ ഇത്തരത്തില്‍ ജാതിപരമായ വേര്‍തിരിവില്ലെന്നും ഇതിന് കോട്ടം തട്ടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഉണ്ണിക്കൃഷ്ണന് പഞ്ഞു.
അനില്‍ രാധാകൃഷ്ണന് മേനോന്റെ ചിത്രത്തില്‍ അഭിനിയിക്കില്ലെന്ന ബിനീഷ് ബാസ്റ്റിന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് പറഞ്ഞ അദ്ദേഹം അത് ബിനീഷിന്റെ സ്വാതന്ത്ര്യമാണെന്നും അതിന്റെ പേരില്‍ ബിനീഷിനെ കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ഇല്ലെന്നും അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിന്റെ പേരില്‍ തന്നെയും തന്റെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും തെരഞ്ഞുപിടിച്ച് അധിക്ഷേപം നടത്തിയെന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അനില്‍ രാധാകൃഷ്ണന് മേനോന് പറഞ്ഞു. അതില്‍ തങ്ങള്‍ക്കു പരാതിയില്ല. ഒരു നിമിഷത്തില്‍ നിന്നുണ്ടായ അവരുടെ പ്രതികരണമായിട്ടേ കാണുന്നുള്ളൂവെന്നും അനില്‍ രാധകൃഷ്ണന് പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ അനില്‍ രാധാകൃഷ്ണമേനോന്റെ ചിത്രത്തില്‍ അഭിനിയിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ പഴയ നിലപാടില്‍ മാറ്റമില്ലെന്നും അനില്‍ രാധാകൃഷ്ണ മേനോന്റെ ചിത്രത്തില്‍ തനിക്ക് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബിനീഷ് ബാസ്റ്റിന് പറഞ്ഞു. ചര്‍ച്ചയ്ക്കുശേഷം അനില്‍ രാധാകൃഷ്ണനും ബിനീഷ് ബാസ്റ്റിനും പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് മടങ്ങിയത്.
201 thoughts on “വേദി പങ്കിടല്‍ വിവാദം ഒത്തുതീര്‍ന്നു, ജാതി അധിക്ഷേപമില്ലെന്ന് ഫെഫ്ക; അനിലിന്റെ ചിത്രത്തിലേക്കില്ലെന്ന് ബാസ്റ്റിന്”
Comments are closed.