മതനിരപേക്ഷതയും വര്‍ഗ്ഗീയതയും ഏറ്റുമുട്ടുമ്പോള്‍ മതനിരപേക്ഷതക്കൊപ്പം മാധ്യമങ്ങള്‍ നിലകൊള്ളണം:പിണറായി വിജയന്‍

മതനിരപേക്ഷതയും വര്‍ഗ്ഗീയതയും ഏറ്റുമുട്ടുമ്പോള്‍ മതനിരപേക്ഷതക്കൊപ്പം മാധ്യമങ്ങള്‍ നിലകൊള്ളണം:പിണറായി വിജയന്‍

കോടതികളിലെ മാധ്യമവിലക്ക് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് കെയുഡബ്ല്യു ജെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യധാരാ മാധ്യമങ്ങള്‍ സാഹസിക പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ ഇപ്പോഴുമുണ്ടെന്നും അവര്‍ അതിന് വലിയ വിലയാണ് നല്‍കേണ്ടി വരുന്നതെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.  മാധ്യമപ്രവര്‍ത്തകരോട് അധികാരം പ്രതികാരം തീര്‍ക്കുകയാണ്. നാല് വര്‍ഷം കൊണ്ട് 22 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ ഗൗരി ലങ്കേഷും ശന്തനു ഭൗമിക്കും ഉള്‍പെടുന്നു.

മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടക്കുന്ന വസ്തുകള്‍ പുറത്തുകൊണ്ടുവരുന്നവര്‍  ഭീകരമായ രീതിയിലാണ് കൊലചെയ്യപ്പെടുന്നത്. രാജ്യത്ത് വ്യാപകമായി അസഹിഷ്ണുത രൂപപ്പെടുമ്പോള്‍ അതില്‍ നിന്നും മാധ്യമങ്ങള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാകുന്നില്ല. പത്രപ്രവര്‍ത്തനം ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്.  ഇതിന്റെ അടിത്തറ രൂപപ്പെടുത്തുന്നത് സ്വതന്ത്ര്യം ജനാധിപത്യം മതനിരപേക്ഷത എന്നിവയിലാണ്‌.

എത്ര മാധ്യമങ്ങള്‍  ഇത് തിരിച്ചറിയുന്നുണ്ട്.  ഇതൊക്കെ തുറന്നുകാണിക്കാന്‍ എത്രപേര്‍ക്കാകുന്നു. ഭരണഘടന മൂല്യങ്ങള്‍ ഭരണഘടനയില്‍ മാത്രമല്ല സമൂഹത്തിലും സഫലമാകണം. ഇത് നടപ്പാക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം. മതനിരപേക്ഷതയും  വര്‍ഗ്ഗീയതയും ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷരാകാതെ  മതനിരപേക്ഷതയുടെ കൂടെ നിലകൊള്ളണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top