ചുഴലിക്കാറ്റ് പൊതുജനങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക- മുരളി തുമ്മാരുകുടി

ചുഴലിക്കാറ്റ് പൊതുജനങ്ങൾ  ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

തിരുവനന്തപുരത്തും പരിസര പ്രദേശത്തും കനത്ത മഴയാണെന്നാണല്ലോ റിപ്പോർട്ട്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉള്ളതായി കാണുന്നു. പതിവ് പോലെ വലിയ കരക്കമ്പികൾ വരാൻ ഇനി അധികം സമയം വേണ്ട.

വാസ്തവത്തിൽ കേരളത്തിലേക്ക് വരുന്ന ഒരു കാറ്റല്ല ഇപ്പോൾ നാം കാണുന്നത്. ശ്രീലങ്കൻ തീരത്തു നിന്നും അറബിക്കടലിലൂടെ വടക്കു പടിഞ്ഞാറോട്ട് പോകുന്ന ഒരു കാറ്റാണ്. അതിന്റെ ഓരം പറ്റിക്കിടക്കുന്ന സ്ഥലങ്ങളിൽ ആണ് ഇപ്പോൾ മഴ കിട്ടുന്നതും, കാറ്റെല്ലാം കാണുന്നതും. പരമാവധി വേഗത മണിക്കൂറിൽ എഴുപത്തി അഞ്ചു കിലോമീറ്റെർ ആണ് പറഞ്ഞിരിക്കുന്നത്, കേരള തീരത്ത് അതിലും കുറവായിരിക്കും. കണ്ടിടത്തോളം നാളെയാവുമ്പോഴേക്കും ഇത് കേരള തീരം വിട്ടു പോവുകയും ചെയ്യും. വടക്കോട്ട് ഇതിന്റെ പ്രഭാവം ഉണ്ടാകാൻ സാധ്യത കുറവാണ്.

സാമാന്യമായ ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്.

  1. കേരളത്തിലെ ഏറ്റവും വലിയ റിസ്ക് എവിടെയും നിൽക്കുന്ന മരങ്ങൾ ആണ്. റോഡിലും വീടുകൾക്ക് തൊട്ടു നിൽക്കുന്നതും ഒക്കെ മറിഞ്ഞു വീഴാൻ വഴിയുണ്ട്. വീടിന് തൊട്ടടുത്ത് വലിയ മരങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക.
  2. നല്ല കാറ്റുള്ള സമയത്ത് വീടിന് പുറത്തിറങ്ങാതിരിക്കുക. കാറ്റുകളുടെ കണക്കിൽ ഇതൊരു വലിയ സംഭവം ഒന്നുമല്ല, പക്ഷെ കാറ്റിൽ പറന്നു വരുന്ന എന്തെങ്കിലും ഒക്കെ വന്ന് തലക്കടിച്ചാൽ മതിയല്ലോ. നാടുനീളെ അലുമിനിയം റൂഫ് ഉള്ളത് ഒരു പ്രത്യേക റിസ്ക് ആണ്.
  3. കാറ്റും മഴയും ഒക്കെ ഉള്ളപ്പോൾ ഡ്രൈവ് ചെയ്യാതിരിക്കുന്നത് ആണ് കൂടുതൽ സുരക്ഷിതം.
  4. കരണ്ടു പോകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ ആവശ്യത്തിന് വെള്ളവും മൊബൈൽ ചാർജ്ജും ഉണ്ടെന്ന് ഉറപ്പു വരുത്തുക
  5. വൈദ്യതി കമ്പികൾ മരം വീണും അല്ലാതെയും പൊട്ടി വീഴാൻ സാധ്യത ഉണ്ട്. അത് സൂക്ഷിക്കുക
  6. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും അത് കൊണ്ട് കടലിൽ പോകരുതെന്നും IMD യുടെ മുന്നറിയിപ്പ് ഉണ്ട്. ശ്രദ്ധിക്കുമല്ലോ.
  7. ഒരു ദിവസത്തിൽ കൂടുതൽ ഇതിന്റെ കുഴപ്പം ഉണ്ടാവില്ല എന്ന് പറഞ്ഞല്ലോ, അത് കൊണ്ട് ഒരാഴ്ചത്തേക്കുള്ള ഭക്ഷണ വസ്തുക്കൾ ഒന്നും വാങ്ങിക്കൂട്ടേണ്ട ആവശ്യം ഇല്ല
  8. പതിവ് പോലെ ഭീതിപരത്തുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങളിൽ വിശ്വസിക്കാതിരിക്കുക. അങ്ങനെ ഒന്ന് കിട്ടിയാൽ ഫോർവേഡ് ചെയ്യാതിരിക്കുക.
  9. കാറ്റുകളെ പറ്റി ഏറ്റവും ആധികാരികമായ വിവരം India Meteorological Department നൽകുന്നതാണ്. അവർ നല്ല ഒരു റിപ്പോർട്ട് ഇന്ന് രാവിലെ കൊടുത്തിട്ടുണ്ട്. ഇതിൽ മാറ്റം വന്നാൽ അവർ തന്നെ പുതിയ വിവരം നൽകുന്നതാണ്.http://www.imd.gov.in/pages/alert_view.php…
  10. കാറ്റിനെ നേരിടാൻ എന്തൊക്കെ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും ആവശ്യമുള്ളവർ എവിടെ ബന്ധപ്പെടണം എന്നുമൊക്കെ Kerala State Disaster Management Authority താമസിയാതെ അവരുടെ വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകും എന്ന് പ്രതീക്ഷിക്കുന്നു.http://sdma.kerala.gov.in/

സുരക്ഷിതരായിരിക്കുക, കാറ്റും കടൽ ക്ഷോഭവും കാണാനും സെൽഫി എടുക്കാനും പോകരുത്

CREDITS : മുരളി തുമ്മാരുകുടി

Top