ചഹാറിന്റെ ‘ഹാട്രിക്കില്‍’ ബംഗ്ലാദേശ് വീണു; ഇന്ത്യയ്ക്ക് പരമ്പര

Breaking News

ദീപക് ചഹാറിന് മുന്നില്‍ ബംഗ്ലാദേശ് വീണു. ഹാട്രിക്കുള്‍പ്പെടെ ആറ് വിക്കറ്റ് നേടി ദീപക് ചഹാര്‍ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി. 3.2 ഓവറില്‍ ഏഴ് റണ്‍ മാത്രം നല്‍കിയാണ് ഇന്ത്യന്‍ പേസറുടെ നേട്ടം. ട്വന്റി20യിലെ ഒരു ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനം. ബംഗ്ലാദേശിനെ മുപ്പത് റണ്ണിന് തോല്‍പ്പിച്ച്‌ ഇന്ത്യ മൂന്ന് മത്സര ട്വന്റി20 പരമ്പര സ്വന്തമാക്കി (2- 1).

ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.2 ഓവറില്‍ 144 റണ്ണില്‍ അവസാനിച്ചു. അമിനുള്‍ ഇസ്ലാം (9), ശൈഫുള്‍ ഇസ്ലാം (4), മുസ്തഫിസുര്‍ റഹ്മാന്‍ (1) എന്നിവരുടെ വിക്കറ്റെടുത്ത് ഉത്തര്‍പ്രദേശുകാരനായ ചഹാര്‍ ഹാട്രിക് തികച്ചു. ലിറ്റണ്‍ ദാസ് (9), സൗമ്യ സര്‍ക്കാര്‍ (0), മുഹമ്മദ് മിഥുന്‍ (27) എന്നിവരുടെ വിക്കറ്റും ഈ ഇരുപത്തിയേഴുകാരന്‍ നേടി.

ബംഗ്ലാദേശ് നിരയില്‍ മുഹമ്മദ് നയീമിന്റെ ഒറ്റയാള്‍ പോരാട്ടം മതിയായില്ല 48 പന്തില്‍ 81 റണ്ണുമായി ഇന്ത്യയെ തുടക്കത്തില്‍ വിറപ്പിച്ച മുഹമ്മദ് നയീം ശിവം ദുബെയുടെ യോര്‍ക്കറില്‍ വീണു. നയീമും മിഥുനും മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നത്. ദുബെ മൂന്ന് വിക്കറ്റ് നേടി.

മലയാളി താരം സഞ്ജു സാംസണ് അവസാന മത്സരത്തിലും അവസരം കിട്ടിയില്ല. ഇന്ത്യന്‍ ടീമില്‍ ക്രുണാള്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെയെത്തി. ബംഗ്ലാദേശിന്റെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. 12 റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാല്‍ നയീമും മിഥുനും ചേര്‍ന്ന് അവരെ നയിച്ചു.

ഇന്ത്യന്‍ സ്പിന്നര്‍മാരെ അനായാസം നേരിട്ടു ഇരുവരും. നയീമായിരുന്നു അപകടകാരി. മൂന്നാം വിക്കറ്റില്‍ 98 റണ്ണാണ് ഇരുവരും അടിച്ചെടുത്തത്. ഇന്ത്യ വിയര്‍ത്തു. മിഥുനെ പുറത്താക്കി ചഹാര്‍ ഇന്ത്യയെ തിരികെയെത്തിച്ചു. ബംഗ്ലാദേശ് പതറി. വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒരറ്റത്ത് പിടിച്ചുനിന്ന നയീമിനെ ദുബെ ബൗള്‍ഡാക്കിയതോടെ അയല്‍ക്കാര്‍ കീഴടങ്ങി. രണ്ട് സിക്സറും പത്ത് ബൗണ്ടറിയും സഹിതമാണ് നയീം 81 റണ്ണടിച്ചത്. പിന്നീടായിരുന്നു ചഹാറിന്റെ ഹാട്രിക് പ്രകടനം.

ശ്രേയസ് അയ്യരുടെയും (33 പന്തില്‍ 62) ലോകേഷ് രാഹുലിന്റെയും (35 പന്തില്‍ 52) ബാറ്റിങ്ങാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. കഴിഞ്ഞ കളിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (6 പന്തില്‍ 2) തിളങ്ങാനായില്ല. ശൈഫുള്‍ ഇസ്ലാമിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി രോഹിത് മടങ്ങി. ശിഖര്‍ ധവാന് 19 റണ്‍.

ശ്രേയസും രാഹുലും സ്‌കോര്‍ ഉയര്‍ത്തി. ശ്രദ്ധയോടെയായിരുന്നു രാഹുലിന്റെ ബാറ്റിങ്. ശ്രേയസാകട്ടെ തുടക്കംമുതലേ അടിച്ചുതകര്‍ത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും 59 റണ്‍ ചേര്‍ത്തു. അല്‍ അമീന്‍ ഹുസൈന്റെ പന്തില്‍ ലിറ്റണ്‍ ദാസിന് പിടികൊടുത്ത് രാഹുല്‍ മടങ്ങി. ശ്രേയസ് നിര്‍ത്തിയില്ല.

അഫീഫ് ഹുസൈനെ ഹാട്രിക് സിക്സര്‍ പറത്തിയ വലംകൈയന്‍ ട്വന്റി 20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ അരസെഞ്ചുറി കണ്ടെത്തി. പതിനേഴാം ഓവറില്‍ സൗമ്യ സര്‍ക്കാര്‍ ശ്രേയസിനെ ലിറ്റണിന്റെ കൈകളിലെത്തിച്ചു. അഞ്ച് സിക്സറും മൂന്ന് ബൗണ്ടറിയുമടങ്ങിയതാണ് ആ ഇന്നിങ്സ്. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെയുടെ (13 പന്തില്‍ 22*) മികവില്‍ ഇന്ത്യ 174 തൊട്ടു.

Breaking News

7 thoughts on “ചഹാറിന്റെ ‘ഹാട്രിക്കില്‍’ ബംഗ്ലാദേശ് വീണു; ഇന്ത്യയ്ക്ക് പരമ്പര

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: how to get viagra

Comments are closed.

Top