ഡോ.എ.സമ്പത്ത് മുൻ എം.പി കേരളത്തോട് ചെയ്തുകളയുന്നത് !!

Breaking News


വാർത്ത ഒന്ന് : കൊറോണ സ്ഥിരീകരിച്ച കോട്ടയം പാല സ്വദേശിയെ മുന്‍ എം.പിയും സിപിഎം നേതാവുമായ എ.സമ്പത്ത് ഇടപെട്ട് ഡൽഹിയിൽ നിന്നും കേരളത്തിലെത്തിച്ചു. രാജ്യത്ത് ലോക്ക് ഡൗൺ തീരുന്നവരെ യാത്രകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം അട്ടിമറിച്ചാണ് 8 സംസ്ഥാനങ്ങളിലൂടെ 2626 കിലോമീറ്റര്‍ പിന്നിട്ട് ഇവര്‍ കേരളത്തിലെത്തിയത്. എത്തിച്ചതാവട്ടെ ഡല്‍ഹി പോലീസിലെ എ.എസ്‌.ഐ നേരിട്ടാണ്.

വാർത്ത രണ്ട് : ഡൽഹിയിൽ നിരവധി മലയാളികൾ കുടങ്ങി കിടക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉത്തരവാദിത്തപ്പെട്ട എ.സമ്പത്ത് ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് അവസാന വിമാനത്തിൽ കേരളത്തിലെത്തിയത് രാഷ്ട്രീയ വിവാദമാകുന്നു.

എ.സമ്പത്ത് ദില്ലിയിൽ കുടുങ്ങിയ കൊറോണ ബാധിതരായ മലയാളികൾക്ക് വേണ്ടി അധികാര പരിധി കടന്ന് ഇടപെട്ട് കളയുന്നു എന്ന ഒന്നാമത്തെ വാർത്ത വരുന്നത് 2020 ഏപ്രിൽ 25 ന് ജന്മഭൂമിയിലാണ്. എ.സമ്പത്ത് ദില്ലിയിൽ കുടുങ്ങിയ കൊറോണ ബാധിതരായ മലയാളികൾക്ക് വേണ്ടി അധികാരമുപയോഗിച്ച് ഇടപെടുന്നില്ല എന്ന രണ്ടാമത്തെ വാർത്ത വരുന്നത് 2020 മെയ് 9 ന് മനോരമയിലും.

 ജന്മഭൂമിയിലൂടെ ബി.ജെ.പിയും മനോരമയിലൂടെ കോൺഗ്രസും എ.സമ്പത്തിൻ്റെ തല കൊയ്യാൻ കാണിക്കുന്ന സാഹസം, ഒരേ ലക്ഷ്യത്തിനു വേണ്ടി പരസ്പര വിരുദ്ധമായ രണ്ട് വാർത്തകളെ എങ്ങനെ ഉപയോഗിക്കാം എന്നതിൻ്റെ ഉദാഹരണമായി ചരിത്രത്തിലങ്ങനെ കിടക്കും. 

ഈ വാർത്തയിലൂടെ മനോരമ മറ്റൊരു കാര്യം കൂടി ഒളിച്ചു കടത്തുന്നുണ്ട്. ഡൽഹിയിൽ കുടങ്ങി കിടക്കുന്ന മലയാളികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉത്തരവാദിത്തപ്പെട്ട എ.സമ്പത്ത് എന്ന വിശേഷണമാണത്. സത്യത്തിൽ അങ്ങനെ ഒരുത്തരവാദിത്തം എ.സമ്പത്തിനുണ്ടോ ? എന്താണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ പദവി ? തെരഞ്ഞെടുക്കപ്പെട്ട ഇരുപത് എം.പിമാർക്കില്ലാത്ത എന്തുത്തരവാദിത്വമാണ് ഇക്കാര്യത്തിൽ സമ്പത്തിനുള്ളത്…

കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും കേരളത്തിന് വേഗത്തിൽ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിക്കേണ്ട പ്രത്യേക ലെയ്സൺ ഓഫീസർ – ഇതാണ് നിലവിൽ എ.സമ്പത്തിൻ്റെ ചുമതല. ഇതിൽ മനോരമ പറഞ്ഞ പണി ഇല്ല കേട്ടോ.

എന്നാലും ഒരു മാനുഷിക പരിഗണന വെച്ച് ചെയ്തു കൂടെ എന്നൊക്കെ ചോദിക്കാം. സർക്കാർ പദവിയെ സംബന്ധിച്ച് ആ ചോദ്യം നിലനിൽക്കുന്നതല്ലെങ്കിലും, കമ്യൂണിസ്റ്റുകാർ അതാണ് തങ്ങളുടെ പ്രാഥമികമായ കടമ എന്ന് വിശ്വസിക്കുന്നവരാണ്. CPIM ൻ്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേന്ദ്രീകരിച്ച് ആ പണികൾ സഖാവ് സമ്പത്ത് കൃത്യമായി ചെയ്യുന്നുമുണ്ട്. അതു പോര, ഡൽഹിയിൽ പറഞ്ഞയച്ചാൽ പിന്നെ ഡൽഹിയിൽ തന്നെ നിന്നോളണം എന്നാണെങ്കിൽ അതിത്തിരി കടുപ്പം തന്നെയാണ്. പോയാൽ പോയേടത്തായിപ്പോകുന്ന, പിന്നെ നാടിനോ നാട്ടിലെ ജനങ്ങൾക്കോ മഷിയിട്ടു നോക്കിയാൽ കിട്ടാത്ത രാഷ്ട്രീയക്കാരെ സംബന്ധിച്ചേ അത് ശരിയാകൂ. പക്ഷേ, എല്ലാവരും അങ്ങനെയാണെന്ന് വിചാരിക്കരുത്.

ഡൽഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന് ചുമതലയുള്ള ലെയ്സൺ ഓഫീസിൻ്റെ പ്രവർത്തനം. എല്ലാ സംസ്ഥാനങ്ങളുടേയും ലെയ്സൺ ഓഫീസുകൾ കേന്ദ്ര ഗവൺമെൻ് അടച്ചു പൂട്ടിയിരിക്കയാണ്. എന്നാലും നാട്ടിൽ പോരാതെ വല്ലേടത്തും നിന്നാൽ പോരേ എന്നാണ് ചോദ്യമെങ്കിൽ, ആ ചോദ്യം അത്ര നിഷ്കളങ്കമാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.

ദില്ലിയോ, മലയാളിയോ, കൊറോണയോ ഒന്നുമല്ല ചിലരുടെ വിഷയം. വിഷയം സമ്പത്താണ്. അയാളെ കേരളംകാണിക്കില്ല എന്ന വാശിയാണ്. ജയിച്ച എം.പിമാരെ നിഷ്പ്രഭമാക്കുന്ന പെർഫോമൻസിനോടുള്ള അസൂയയാണ്.എങ്കിൽ പിന്നെ അതിനെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കേണ്ടതുണ്ട്.

വ്യാജ വാർത്തകൾ കൊണ്ട് സമ്പത്തിനെ തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങൾ, ലോകമെങ്ങും വാഴ്ത്തപ്പെട്ട കേരളത്തിൻ്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ നിറം കെടുത്താൻ കൂടെ ഉദ്ദേശിച്ചാണ്. നാമത് കണ്ടില്ലെന്ന് നടിച്ചു കൂട.

ഡൽഹിയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളി നഴ്സുമാർ കൊറോണ വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായപ്പോൾ കേരളം തെരഞ്ഞെടുത്തയച്ച ഒരു എം.പിയുമല്ല അവർക്ക് താങ്ങായെത്തിയത്, സമ്പത്ത് മാത്രമായിരുന്നു. സംഘ്പരിവാരങ്ങളും ദില്ലി പോലീസും തല്ലിച്ചതയ്ക്കുമ്പോൾ ജാമിയ മില്ലയിലെ കുഞ്ഞുങ്ങൾക്ക് കേരള ഹൗസ് തുറന്നുകൊടുത്തതും ഇദ്ദേഹമായിരുന്നു എന്ന് മറന്നു പോകരുത്.

ഡൽഹിയിൽ എന്തിനാണ് ഇങ്ങനെയൊരു ലെയ്സൺ ഓഫീസർ എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. ഓഖി – പ്രളയം – നിപ്പ തുടങ്ങി കേരളം കടന്ന് പോയ മഹാ പ്രതിസന്ധികളിൽ കൂടെ നിൽക്കാതെ, കൈത്താങ്ങാവാതെ മുഖം തിരിഞ്ഞ് നിന്ന കേന്ദ്ര സർക്കാറിനെ ആർക്കാണറിഞ്ഞുകൂടാത്തത്. അവരിൽ നിന്ന് അവകാശങ്ങൾ ചോദിച്ചു വാങ്ങാനും അതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമാണ് ദില്ലിയിൽ സംസ്ഥാനത്തിന് ഒരു ലെയ്സൺ ഓഫീസർ. പിടിച്ച് നിൽക്കാനുള്ള കച്ചിത്തുരുമ്പാണത്.

അതിനെന്തിനാണ് തോറ്റ എം.പി എന്നല്ലേ ? അതും പറയാം, ജീവിത പ്രശ‌്നങ്ങൾ മുതൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾവരെ സഭയിൽ ഉന്നയിച്ചു ശ്രദ്ധേയനായ പാർലമെൻ്റേറിയൻ എന്നത് തന്നെയാണ് സമ്പത്തിൻ്റെ ഡൽഹി നിയമനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകം. ഹാജർനിലയിലും ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും പാർലമെൻ്റിൽ റെക്കോർഡിട്ട എം.പിയായിരുന്നു എ.സമ്പത്ത്. ഈ തോറ്റ എം.പിയുടെ ഡൽഹിയിലെ രണ്ടാമൂഴത്തിന് ശേഷമാണ് കേരളത്തിന്റെ സ്വപ്നപദ്ധതിയായ കാസർഗോഡ് – തിരുവനന്തപുരം12 വരി ദേശീയപാത പദ്ധതിയ്ക്ക് അംഗീകാരം കിട്ടുന്നത്.

ഈ പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സഖാവ് സമ്പത്ത്. 1965 ൽ അച്ഛൻ കെ.അനിരുദ്ധൻ ജയിലിൽ കിടന്ന‌് ആറ്റിങ്ങൽ മണ്ഡലത്തിൽ ആർ.ശങ്കറിനെതിരെ മൽസരിച്ചപ്പോൾ മൂന്നു വയസ്സായിരുന്നു സമ്പത്തിന‌്. അന്ന‌് അച്ഛനു വോട്ട‌് ചോദിക്കാൻ വേണ്ടി പൊതുമദ്ധ്യത്തിലിറങ്ങിയ കുട്ടിയിൽ നിന്ന് ഒരുപാട് നടന്നിട്ടുണ്ട് ഇവിടം വരെയെത്താൻ. ഒരു കുടുംബം പാർട്ടി കുടുംബമാവുന്നത് ചിലർക്ക് തമാശയാണ്, അതിനു പിന്നിലുള്ള മഹാസഹനത്തെ ഉൾക്കൊള്ളാനുള്ള ശേഷിക്കുറവ് കൊണ്ടാണത്.

ഒന്നുരണ്ട് കാര്യങ്ങൾ കൂടി പറഞ്ഞാലേ ഈ പോസ്റ്റ് പൂർണമാവൂ.സമ്പത്തിൻ്റെ മകൾ അശ്വതി സമ്പത്ത് കഴിഞ്ഞ 6 മാസമായി മണിപ്പാലിലാണുള്ളത്. മണിപ്പാൽ ഹോസ്പിറ്റലിലെ കൊറോണ ബാധിതർക്കിടയിൽ പ്രവർത്തിക്കുന്ന മകളെ, സ്പെഷൽ പാസിൽ അതിർത്തി കടത്തി കൊണ്ടുവന്നിട്ടില്ല ഇതുവരേയും എ.സമ്പത്ത്. സമ്പത്തിൻ്റെ മകളുടെ ഭർത്താവും ആരോഗ്യ പ്രവർത്തകനുമായ ശ്രീ പ്രസാദ് കൊറോണ ബാധിച്ച് ഖത്തറിൽ കിടപ്പുണ്ട്. നാട്ടിലേക്ക് പ്രവാസികളെ കൊണ്ടുവരാൻ നോർക്ക തയ്യാറാക്കുന്ന പ്രയോറിറ്റി ലിസ്റ്റിൽ മരുമകനെ തിരുകിക്കയറ്റാനുള്ള കുത്സിത പ്രവർത്തനവും സഖാവ് സമ്പത്ത് നടത്തിയിട്ടില്ല.

പ്രിയപ്പെട്ട കോൺഗ്രസ്സുകാരേ, നിങ്ങളുടെ സ്വന്തം രാജീവ‌് ഗാന്ധിയുടെ പേരിലാണ് ഇപ്പോഴും മികച്ച പാർലമെന്റേറിയനുളള ഇന്റർനാഷണൽ അവാർഡ‌് നൽകപ്പെടുന്നത്. രാജ്യം അതുകൊടുത്താദരിച്ച നേതാവാണ് എ.സമ്പത്ത് എന്നു മറക്കരുത്. എം.പി ഫണ്ടിൽ അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ച‌ എത്ര എം.പിമാരെ കേരളം കണ്ടിട്ടുണ്ട് ? സമ്പത്ത‌് അതുമായിരുന്നു കേട്ടോ !

തന്റെ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സുകള്‍ വാങ്ങിക്കൊടുത്ത എം.പിയായിരുന്നു ഡോ.എ.സമ്പത്ത്. കൊറോണക്കാലത്ത് എ.സമ്പത്ത് എന്തു ചെയ്തു എന്ന് ചോദിക്കുന്നവരോടുള്ള ഉത്തരം ആ ആംബുലൻസുകൾ പറയും. ഇന്നുപകാരപ്പെടേണ്ടത് അയാൾ ഇന്നലെത്തന്നിട്ടുണ്ടെന്ന്.

ഉറങ്ങുന്നവർക്ക് ഒരു കുഴപ്പമുണ്ട്. തങ്ങളുടെ ചുറ്റുമുള്ളവരും ഉറങ്ങുകയാണെന്ന് തോന്നും. അവരെയൊന്ന് വിളിച്ചുണർത്തിയേക്കാം എന്നും തോന്നിപ്പോകും.

സമ്പത്തിനെതിരെ വിളിച്ചുണർത്തൽ സമരവുമായി ഇറങ്ങിയിരിക്കുന്ന കോൺഗ്രസ്സുകാരെക്കുറിച്ച് മറ്റൊന്നും പറയാനില്ല. നിങ്ങൾ ആദ്യമൊന്നുണര്, കണ്ണുതുറന്ന് ചുറ്റും നടക്കുന്നത് കാണ്. അദ്ദേഹം ഉണർന്നിരിക്കുന്നതും അപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും.

Breaking News
Top