
ദുബായ് ∙ ചരിത്രദൗത്യം പൂര്‍ത്തിയാക്കി യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികന് ഹസ്സ അന് മന്‍സൂറി സുരക്ഷിതനായി തിരിച്ചെത്തി. കസഖ്സ്ഥാനിലെ ചെസ്ഗാസ്ഗേനില്‍ യുഎഇ സമയം വ്യാഴം ഉച്ചകഴിഞ്ഞ് 2.59ന് ആയിരുന്നു അദ്ദേഹം തിരിച്ചെത്തിയത്.
ബഹിരാകാശത്തേക്ക് ഹസ്സ കുതിച്ച ബൈക്കന്നൂര്‍ കോസ്മോ ഡ്രോമില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയാണിത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എട്ടു ദിവസത്തെ സുപ്രധാന ദൗത്യത്തിനു ശേഷമാണ് ഹസ്സയുെട മടക്കം. റഷ്യന്‍ കമാന്‍ഡര്‍ അലക്സി ഒവ്ചിനിന്, അമേരിക്കയുടെ നിക് ഹേഗ് എന്നിവര്‍ക്കൊപ്പമാണ് മടങ്ങിയത്.
ഭൂമിയിലിറങ്ങിയശേഷം പേടകത്തിനു പുറത്ത് സജ്ജമാക്കിയ പ്രത്യേക കസേരയില്‍ യാത്രികര്‍ 30 മിനിറ്റ് വരെ ചെലവഴിച്ചു. തുടര്‍ന്നു വൈദ്യപരിശോധനയ്ക്കു വിധേയരായശേഷം ബഹിരാകാശ വേഷം മാറ്റി. വിവിധ ഘട്ടങ്ങളില്‍ വൈദ്യ പരിശോധനയുണ്ടാകും. യുഎഇയിലേക്കുള്ള മടക്കം പിന്നീട് തീരുമാനിക്കും.