ഇത്തവണ വീടുകളിലെ വൈദ്യുതി ബിൽ വർദ്ധിക്കാൻ കാരണമെന്ത്? വൈദ്യുതി ബില്ലിലെ പരാതികൾ എങ്ങനെ പരിഹരിക്കാം ?

Breaking News

വൈദ്യുതി ബിൽ തുക കൂടുതലാണ് എന്ന പരാതി എല്ലാ വേനൽക്കാലത്തും ഉണ്ടാകാറുള്ളതാണ്. ഇത്തവണത്തെ വേനൽക്കാലം ലോക്ക് ഡൗണിലായപ്പോൾ പരാതിയും കൂടി.
പൊതുവെ ഉന്നയിക്കപ്പെട്ട പരാതികളെക്കുറിച്ച് പരിശോധിക്കാം.

വീടുകളിലെവൈദ്യുതിബിൽ #വർദ്ധിക്കാൻ_കാരണമെന്ത്?

സാധാരണഗതിയില്‍ ഉഷ്ണകാലമാകുമ്പോള്‍ വീടുകളിലെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കും. ലോക്ക് ഡൗൺ കാരണം കഴിഞ്ഞ ഒന്നര മാസമായി കുടുംബത്തിലെ അംഗങ്ങളെല്ലാം വീട്ടിനുള്ളിൽ അടച്ചിടപ്പെട്ടപ്പോൾ (സാധാരണ പകൽ സമയം വീട്ടിൽ ആൾക്കാർ കുറവാണ്) TV, ഫാനുകൾ, ലൈറ്റുകൾ തുടങ്ങിയവ കൂടുതൽ നേരം ഉപയോഗിച്ചു. ഒരു ദിവസം 5 മണിക്കൂർ പ്രവർത്തിച്ചിരുന്ന TV, 15 മണിക്കൂറോളം പ്രവർത്തിക്കുന്ന അവസ്ഥ വന്നു. വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് അവൻ, എയർ കണ്ടീഷണർ എന്നിവയും ലോക്ക് ഡൗൺ കാലത്ത് നന്നായി ഉപയോഗിച്ചു. അങ്ങനെ, മിക്കവാറും വീടുകളിൽ വൈദ്യുതി ഉപയോഗം കൂടി. അതനുസരിച്ച് ബിൽതുകയും വർധിച്ചു.

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. ദ്വൈമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് ദ്വൈമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും, 101 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 3.70 രൂപയും 201 മുതൽ 300 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 4.80 രൂപയും 301 മുതൽ 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 6.40 രൂപയും, 401 മുതൽ 500 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 7.60 രൂപയും ആണ്.

ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :
(100 x 3.15) + (100 x 3.70) + (100 x 4.80) + (100 x 6.40) + (50 x 7.60) = 2185 രൂപയാണ്. (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്)

ദ്വൈമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, ആദ്യത്തെ 80 യൂണിറ്റിന് 35 പൈസ നിരക്കിലും, 81-240 വരെ യൂണിറ്റിന് 50 പൈസ നിരക്കിലും കൂടാതെ ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം 40 രൂപയും സബ്സിഡിയായി നൽകുന്നു. ഉപയോഗം കൂടിയതുകാരണം 240 യൂണിറ്റ് അധികരിച്ചവർക്ക് സബ്‌സിഡി ലഭിക്കാത്തതുമൂലവും ബിൽ തുക കൂടാം.

എന്നാൽ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം.
600 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5.80 രൂപയും, 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.60 രൂപയും, 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.90 രൂപയും, 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 7.10 രൂപയും, 1000 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 7.90 രൂപയും മൊത്തം യൂണിറ്റിനും നൽകണം.

ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് 950 x 7.10 = 6745 രൂപയായിരിക്കും (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്)

കോവിഡ്ഭീതി #നിലനിൽക്കുന്നലോക്ക് #ഡൗൺകാലഘട്ടത്തിൽ #രഹസ്യമായിവൈദ്യുതി #ചാർജ്_വർധിപ്പിച്ചോ ?

വർധിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല താരിഫിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല … വൈദ്യുതി താരിഫ് തീരുമാനിക്കുന്നത് സംസ്ഥാന റഗുലേറ്ററി കമ്മീഷൻ എന്ന സ്വതന്ത്ര ഏജൻസി ആണ്. സംസ്ഥാന സർക്കാരോ KSEB യോ അല്ല. അവസാനമായി വൈദ്യുതി താരിഫ് വർധന നിലവിൽ വന്നത് 2019 ജൂലൈ യിൽ ആണ്. രഹസ്യമായി എന്തെങ്കിലും രീതിയിൽ വൈദ്യുതി ചാർജ് വർധന നടപ്പിലാക്കാൻ KSEB ക്ക് ആകില്ല

മീറ്റർറീഡിങ്എടുക്കുന്നത് #മനപ്പൂർവ്വം #വൈകിപ്പിക്കുന്നുണ്ടോ?

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ മീറ്റർ റീഡിങ് എടുത്തിരുന്നില്ല. ഇതില്‍ ഏപ്രില്‍ 15 വരെ (ആദ്യം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച കാലയളവില്‍) ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബിൽ SMS ആയി നൽകിയത്. ലോക്ക്ഡൌണ്‍ തുടര്‍ന്ന സാഹചര്യത്തില്‍ മീറ്റര്‍ റീഡിംഗ് വൈകുന്നത് ഉപഭോക്താക്കള്‍ക്ക് പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന സാഹചര്യത്തില്‍ ഏപ്രില്‍ 20 മുതല്‍ മീറ്റർ റീഡിങ് പുന:രാരംഭിക്കുവാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഇപ്രകാരം റീഡിംഗ് അടിസ്ഥാനത്തില്‍ ബില്‍ നല്‍കുന്നത് പുനരാരംഭിച്ചപ്പോൾ ഏപ്രിൽ 16 മുതല്‍ റീഡിംഗ് എടുക്കേണ്ട ഏതാനും ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 20നൊ അതിനടുത്ത ദിവസങ്ങളിലോ ആണ് റീഡിംഗ് എടുത്ത് ബില്‍ നല്‍കിയത്. എന്നാൽ ഏപ്രിൽ 24 ഓട് കൂടി മിക്കാവാറും ഓഫീസുകളിൽ അതാത് ദിവസങ്ങളിലെ റീഡിംഗ് തന്നെ എടുക്കുന്നുണ്ടായിരുന്നു. അതുവരെയുള്ള ഉപഭോക്താക്കള്‍ക്ക് നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം റീഡിംഗ് എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ മീറ്റർ റീഡിംഗ് വൈകിയത് മൂലം ഉപഭോഗത്തിൽ രേഖപ്പെടുത്തിയ വർദ്ധനവ് 60 ദിവസത്തെ ഉപഭോഗം കണക്കാക്കി സെക്ഷൻ ഓഫീസുകളിൽ ബില്ലിൽ തിരുത്തൽ വരുത്തി നൽകുന്നുണ്ട്.

അടച്ചിട്ടകടകളിൽ #വൻതുകയ്ക്കുള്ളബില്ലുകൾ #കൊടുക്കുന്നുണ്ടോ?

മീറ്റർ റീഡിങ് എടുക്കാൻ കഴിയാത്ത ഇടങ്ങളിൽ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബില്ല് നൽകുന്നത്. തുടർച്ചയായി അടച്ചിടേണ്ട സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ശരാശരി ഉപഭോഗം കണക്കാക്കി ഗാർഹികേതര ഉപഭോക്താക്കൾക്ക് നൽകിയ ബില്ലുകളിൽ ഉപഭോഗത്തിന് അനുസൃതമല്ലാത്ത ബില്‍ നല്‍കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരം വിഭാഗങ്ങൾക്ക് ആശ്വാസമായി ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് :

ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ വന്നിട്ടുള്ള ഗാര്‍ഹികേതര എല്‍ ടി ഉപഭോക്താക്കള്‍ ഇത്തവണ ബില്‍ തുകയുടെ 70% മാത്രം അടച്ചാല്‍ മതിയാകും

വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍ടി/എച്ച്ടി/ഇഎച്ച്ടി വൈദ്യുതി കണക്ഷനുകളുടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്സഡ് ചാര്‍ജ് ആറുമാസത്തേക്ക് മാറ്റിവച്ചു

വൈദ്യുതിബില്ലിലെ #പരാതികൾഎങ്ങനെ #പരിഹരിക്കാം ?

വൈദ്യുതി ബില്ല് സംബന്ധമായ പരാതികൾ പരിഹരിക്കാൻ എല്ലാ സെക്ഷൻ ഓഫീസിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ / സീനിയർ സൂപ്രണ്ട് എന്നിവരുമായി ബന്ധപ്പെട്ടാൽ വൈദ്യുതി ബില്ലിൽ തെറ്റുണ്ടെങ്കിൽ തിരുത്തി നൽകുന്നതാണ്.

ആരെങ്കിലും തിരുത്തല്‍ വരുത്താതെ ബില്ല് അടച്ചിട്ടുണ്ടെങ്കില്‍ അധികത്തുക കണക്കാക്കി അഡ്വാന്‍സായി വരവുവെക്കുന്നതിനും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. മീറ്റര്‍ റീഡിംഗ് എടുക്കുന്നതില്‍ വന്ന കാലതാമസംമൂലം വൈദ്യുതി ബോര്‍ഡിന്റെ ഒരുപഭോക്താവിനും യാതൊരു നഷ്ടവും വരുന്നതല്ല.

Breaking News
Top