ആഗസ്റ്റ്‌ 19 സഖാവ് പി. കൃഷ്ണപിള്ള ദിനം. അകാലത്തിൽ പൊലിഞ്ഞുപോയ വിപ്ലവ നക്ഷത്രം…

Breaking News


പി.കൃഷ്ണപിള്ളയുടെ 72-ആം ചരമവാര്‍ഷികമാണ്‌..കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ സർവഥാ യോഗ്യനായ ധീരവിപ്ലവകാരി. സമാനതകളില്ലാത്ത സംഘടനാ പാടവത്തിലൂടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ ആദ്യപഥികരില്‍ ഒരാള്‍. ഇ എം എസ് എന്ന കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്റെയും എ കെ ജി എന്ന “പാവങ്ങളുടെ പടത്തലവ”ന്റെയും സമകാലികനായിരുന്ന സഖാവ് കൃഷ്ണപിള്ള, അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ തൊഴിലാളികളുടെയും തൊഴിലാളിപ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ ജനകീയ സംഘാടകനായിരുന്നു. 1906 ഓഗസ്റ്റ് 19 മുതല്‍ 1948 ഓഗസ്റ്റ് 19 വരെ 42 വര്‍ഷം നീണ്ട ഇതിഹാസതുല്യമായ ആ ജീവിതത്തില്‍, സഖാവ് ചിന്തിച്ചതും, പ്രവര്‍ത്തിച്ചതും, ജീവിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടിയായിരുന്നു, ഈ നാട്ടിലെ തൊഴിലാളികള്‍ക്കു വേണ്ടിയായിരുന്നു.

ജീവിതം എന്ന രാഷ്ട്രീയ സര്‍‌വകലാശാല
……………………………………………………
1906-ല്‍ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വൈക്കത്ത്, മയിലേഴത്തു മണ്ണപ്പിള്ളി നാരായണന്‍ നായരുടെയും പാര്‍‌വതിയമ്മയുടെയും മകനായി ഒരു ഇടത്തരം മധ്യവര്‍ഗ്ഗ കുടുംബത്തിലാണ്‌ സഖാവ് കൃഷ്ണപിള്ള ജനിച്ചത്. 14-ആം വയസ്സില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥനായി. പിന്നീട് ചേച്ചിമാരുടെയും അമ്മാമന്റെയും പരിചരണയിലാണ് വളര്‍ന്നത്. ആലപ്പുഴയിലെ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി പണിയെടുത്തിട്ടുള്ള സഖാവ് തൊഴിലന്വേഷണ സംബന്ധിയായി 1927-ല്‍ അലഹബാദ് നഗരത്തിലെത്തി. അവിടെ വച്ച് ഹിന്ദി ഭാഷ അഭ്യസിക്കുകയും സാഹിത്യ വിശാരദ് ബിരുദം നേടുകയുമുണ്ടായി. രണ്ടു കൊല്ലത്തെ അലഹബാദ് വാസം, ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന വടക്കേ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനങ്ങളെ അടുത്തറിയാന്‍ സഖാവിനെ സഹായിച്ചു. 1929-ല്‍ കേരളത്തില്‍ തിരിച്ചെത്തിയ കൃഷ്ണപിള്ള തൃപ്പൂണ്ണിത്തുറയില്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര സഭയുടെ പ്രചാരകനായി ജോലിയില്‍ പ്രവേശിച്ചു.

1930 ഏപ്രില്‍ 13-നു സിവില്‍ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി കേളപ്പന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോഴിക്കോട്-പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹ ജാഥയിലെ 32 വളണ്ടിയര്‍മാരില്‍ ഒരാളായിരുന്നു പി.കൃഷ്ണപിള്ള. ഈ 32 പേരില്‍ സഖാവുള്‍പ്പടെ അഞ്ചു പേരോളം പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായി പരിണമിക്കുകയുണ്ടായി. മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായി മാറിയ സഖാവിന്റെ ജീവിതം, കൊടിയ മര്‍ദ്ദനങ്ങളുടെയും തുടര്‍ച്ചയായ ജയില്‍വാസങ്ങളുടെയും ദുഷ്ക്കരമായ ഒളിവുകാലങ്ങളുടെയും ആകെത്തുകയായിരുന്നു. 1930 നവംബര്‍ ഒന്നിനു കോഴിക്കോട്ടു കടപ്പുറത്ത് ഉപ്പു നിയമം ലംഘിച്ച്, ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനം ചെറുത്തു കൊണ്ട്, ത്രിവര്‍ണ്ണ പതാകയുയര്‍ത്തി സഖാവ് തന്റെ സമരവീര്യം തെളിയിച്ചു.

സഖാവ് കമ്മ്യൂണിസ്റ്റാകുന്നു
…………………………………..
ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനു കണ്ണൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ട സഖാവിന്, ഇ എം എസ്സിനോടൊപ്പം കമല്‍നാഥ് തിവാരി തുടങ്ങിയ മറ്റു വിപ്ലവകാരികളെ പരിചയപ്പെടാന്‍ അവസരം ഒരുങ്ങുകയും, ആ സ്വാധീനം പതിയെ കോണ്‍ഗ്രസ്സിനുള്ളിലെ ഇടതുപക്ഷ കേന്ദ്രീകരണത്തിനും കേരളത്തിലെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു വിത്തു പാകുന്നതിനും കാരണമായി. അവര്‍ണ്ണഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തിനായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത “അബ്രാഹ്മണനായ” കൃഷ്ണപിള്ള എന്ന പോരാളി, സാമൂതിരിയുടെ നായര്‍ പടയാളികളുടെ ഭീകര മര്‍ദ്ദനത്തെ അവഗണിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്രമണി മുഴക്കി. പിന്നീട് 1934 -ഇല്‍ ബോംബെയില്‍ വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി) രൂപീകൃതമായപ്പോള്‍ കേരളത്തിലെ സെക്രട്ടറിയായി സഖാവ് നിയോഗിക്കപ്പെട്ടു.

കേരള രാഷ്ട്രീയത്തിന് പി.കൃഷ്ണപിള്ള എന്ന ജനകീയ നേതാവിന്റെ ഏറ്റവും വലിയ സംഭാവന, അന്നു വരെ കേരളരാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന വരേണ്യ നേതൃത്വത്തിനു പകരമായി അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കർഷകരുടെയും കൂട്ടായ ഒരു നേതൃത്വം വരുന്നതിനു വിത്തു പാകി എന്നതും തൊഴിലാളി മുഖമുള്ള രാഷ്ട്രീയബോധം സമൂഹ പൊതുമണ്ഡലത്തിൽ കേന്ദ്രബിന്ദുവായി ഉയര്‍ത്തി കൊണ്ട് വന്നു എന്നുള്ളതും ആണ്. സി.എസ്.പി നേതാവായി സഖാവ് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയും തുണി മില്ല്, കയര്‍ തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരെ സംഘടിപ്പിച്ച് അവരുടെ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു. 1937-ല്‍ കോഴിക്കോട്ടു വച്ചു രൂപീകൃതമായ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ സെക്രട്ടറിയായി സഖാവ്. എന്‍.സി.ശേഖര്‍, ഈ.എം.എസ്സ്, കെ.ദാമോദരന്‍ തുടങ്ങിയവരായിരുന്നു മറ്റു നേതാക്കള്‍. സി.എസ്.പി രൂപീകരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 1939 ഒക്ടോബര്‍ 13-ന് കണ്ണൂര്‍ പിണറായിയിലെ പാറപ്രത്തു വെച്ചു തൊണ്ണൂറോളം സി.എസ്.പി നേതാക്കള്‍ സമ്മേളിക്കുകയും കേരളത്തിലെ സി.എസ്.പി ഘടകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ(സി.പി.ഐ) കേരള ഘടകമായി പ്രഖ്യാപിക്കുകയും ചെയ്തു….

Breaking News
Top