സുപ്രീം കോടതി എന്തിനാണിങ്ങനെ പേടിക്കുന്നത്?

Breaking News


കോടതി അലക്ഷ്യക്കേസിൽ പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. ശിക്ഷ എന്താണെന്ന് രണ്ടു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 20-ന് കോടതി പറയും. 1971-ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് 12 പ്രകാരം ആറു മാസത്തെ തടവും രണ്ടായിരം രൂപയുമാണ് പരമാവധി ശിക്ഷ. രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ തലേന്നാണ് ഈ കേസിൽ സുപ്രീം കോടതിയുടെ വിധി വന്നുവെന്നത് യാദൃശ്ചികമായിരിക്കാം.

അർദ്ധരാത്രിയിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കുണർന്നത്. ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കുള്ള രാജ്യത്തിന്റെ സഞ്ചാരമായാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഈ നിമിഷത്തെ കണ്ടത്. ”അർദ്ധരാത്രിയിൽ ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്.” രണ്ടു ട്വീറ്റുകളുടെ പേരിൽ ഒരു അഭിഭാഷകനെ ശിക്ഷിക്കാൻ സുപ്രീം കോടതി ഒരുങ്ങുമ്പോൾ നെഹ്രുവിന്റെ ആത്മാവ് തീർച്ചയായും സ്വാസ്ഥ്യവും ശാന്തിയും അറിയുന്നുണ്ടാവില്ല.

ഈ ഘട്ടത്തിൽ പഴയൊരു കോടതി അലക്ഷ്യക്കേസ് ഓർക്കാതിരിക്കാനിവില്ല. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ടൈംസ് ഒഫ് ഇന്ത്യയുടെ അന്നത്തെ നിയമകാര്യ ലേഖകൻ രാകേഷ് ഭട്നാഗർ ഡൽഹിയിലെ മയൂർവിഹാറിലുള്ള വീട്ടിലായിരുന്നു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട നിയമ നടപടികൾ ടൈംസിന് വേണ്ടി റിപ്പോർട്ട് ചെയ്തിരുന്നത് രാകേഷായിരുന്നു. ആ വർഷം ആദ്യം ഉത്തർപ്രദേശിലെ കല്ല്യാൺ സിങ് സർക്കാർ സുപ്രീം കോടതിയിൽ ഒരു സത്യവാങ്മൂലം കൊടുത്തിരുന്നു. ബാബറി മസ്ജിദിന് ഒരു തരത്തിലുള്ള ഹാനിയുമുണ്ടാവില്ലെന്ന ഉറപ്പായിരുന്നു അതിലുണ്ടായിരുന്നത്. ജസ്റ്റിസുമാരായ വെങ്കട ചെല്ലയ്യയും ജി.എൻ. റേയും അടങ്ങിയ ബഞ്ചിനാണ് ഉത്തർപ്രദേശ് സർക്കാർ ഈ ഉറപ്പ് കൊടുത്തത്. വീട്ടിലെ ടി.വിയിൽ ബി.ബി.സി. ലഭ്യമായിരുന്നതുകൊണ്ടു മാത്രമാണ് രാകേഷിന് ബാബറി മസ്ജിദ് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാനായത്.

രാകേഷ് വീട്ടിലെ ഫോണിൽനിന്ന് ജസ്റ്റിസ് ചെല്ലയ്യയെ വിളിച്ചു. ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി ഫോൺ കൈമാറാൻ വിസമ്മതിച്ചു. പക്ഷേ, രാകേഷിന്റെ ഭാഗ്യത്തിന് ജസ്റ്റിസ് ചെല്ലയ്യ ഫോണിനടുത്തുണ്ടായിരുന്നു. ആരാണ് വിളിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ചെല്ലയ്യ ഫോൺ തനിക്ക് തരാൻ സെക്രട്ടറിയോട് പറഞ്ഞു.
”സർ, ബാബറി പള്ളി തകർക്കപ്പെട്ടിരിക്കുന്നു.” രാകേഷ് ജസ്റ്റിസ് ചെല്ലയ്യയോട് പറഞ്ഞു.
”അത് സംഭവ്യമല്ല. നിങ്ങളോട് ആരാണിത് പറഞ്ഞത്?”

ജസ്റ്റിസ് ചെല്ലയ്യയ്ക്ക് സംഗതി വിശ്വസിക്കാനായില്ല. ബി.ബി.സിയുടെ സംപ്രേഷണം താൻ കണ്ടുകൊണ്ടിരിക്കുകയാണെന്ന് രാകേഷ് പറഞ്ഞപ്പോൾ തന്റെ വീട്ടിലെ ടി.വിയിൽ ബി.ബി.സി. കിട്ടുന്നില്ലെന്ന് ജസ്റ്റിസ് ചെല്ലയ്യ പറഞ്ഞു. ഉടനെ രാകേഷ് ഫോണിന്റെ റിസിവർ ടെലിവിഷൻ സെറ്റിനോട് ചേർത്തുപിടിച്ചു.

” ഓ….’
ഞെട്ടലും അവിശ്വസനീയതയും കലർന്ന പ്രതികരണമാണ് താൻ അപ്പുറത്തുനിന്നു കേട്ടതെന്ന് രാകേഷ് കഴിഞ്ഞ വർഷം ദ വയറിൽ എഴുതിയ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ചയാണെങ്കിലും ഇന്നുതന്നെ നടപടിയെടുക്കുമോ എന്ന് രാകേഷ് ചോദിച്ചപ്പോൾ നോക്കട്ടെയെന്നും വിവരം സെക്രട്ടറി അറിയിക്കുമെന്നുമാണ് ജസ്റ്റിസ് ചെല്ലയ്യ പറഞ്ഞത്.
അന്നു തന്നെ മുഹമ്മദ് അസ്ലം എന്നയാൾ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചു. അന്ന് വൈകീട്ടുതന്നെ ജസ്റ്റിസ് ചെല്ലയ്യയ്യും ജസ്റ്റിസ് റേയും അടങ്ങുന്ന ബഞ്ച് ജസ്റ്റിസ് ചെല്ലയ്യയുടെ വീട്ടിൽ ചേർന്നു. ഇതിനിടയിൽ പള്ളി തകർത്തതിനെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകളും ന്യൂസ് ഏജൻസി റിപ്പോർട്ടുകളും രാകേഷ് ജസ്റ്റിസ് ചെല്ലയ്യയ്ക്ക് കൈമാറിയിരുന്നു.

ഇന്നത്തെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ് അന്ന് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ഹാജരായത്. കോടതി വേണുഗോപാലിനോട് കടുത്ത ചോദ്യങ്ങളാണ് ചോദിച്ചതെന്ന് രാകേഷ് ഓർക്കുന്നു. വേണുഗോപാലിനാണെങ്കിൽ ഉത്തർപ്രദേശ് സർക്കാരിൽനിന്ന് ഇതേക്കുറിച്ചുള്ള വിവരമൊന്നും കാര്യമായി കിട്ടിയിട്ടുണ്ടായിരുന്നില്ല. പള്ളി സംരക്ഷിക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് കോടതി വേണുഗോപാലിനോട് പറഞ്ഞു.

അയോദ്ധ്യയിലെ സംഭവവികാസത്തിൽ വേണുഗോപാൽ അസ്വസ്ഥനായിരുന്നുവെന്ന് രാകേഷ് പറയുന്നു. കോടതിയോട് വേണുവിന്റെ വാക്കുകൾ ഇതായിരുന്നു: ”എന്റെ ശിരസ്സ് അപമാനത്താൽ കുനിഞ്ഞുപോവുന്നു. ഞാൻ ഈ കേസിൽനിന്നു പിന്മാറുകയാണ്. ”

കോടതിയെ ശാന്തമാക്കാൻ ഈ വാക്കുകൾ മതിയായിരുന്നില്ല.
”നിങ്ങളുടെ തലയിൽ ഇവിടെ ആർക്കും താൽപര്യമില്ല. ഈ രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെയാണ് നിങ്ങൾ അപമാനിച്ചിരിക്കുന്നത്.”

കോടതിയുടെ വാക്കുകൾ ശക്തമായിരുന്നു. കോടതി അലക്ഷ്യക്കേസിൽ നരസിംഹ റാവു, എൽ.കെ. അദ്വാനി , മുരളി മനോഹർ ജോഷി, അശോക് സിംഘാൾ, കല്ല്യാൺ സിങ് തുടങ്ങിയവർക്കെതിരെ നടപടി വേണമെന്ന മുഹമ്മദ് അസ്ലത്തിന്റെ ഹർജി കോടതി സ്വീകരിച്ചു. പക്ഷേ, ഈ കേസിൽ ഒരു തീർപ്പും നാളിതുവരെ ഉണ്ടായിട്ടില്ലെന്ന് രാകേഷ് ചൂണ്ടിക്കാട്ടുന്നു.

28 വർഷം പഴക്കമുള്ള കേസാണിത്. അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി വന്നു. അവിടെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള തറക്കല്ല് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിലോ പൊളിച്ചതിനെതിരെയുള്ള കേസിലോ ഇനിയും തീർപ്പുണ്ടായിട്ടില്ല. എന്തിന് ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

പൗരത്വ ഭേദഗതി നിയമം, ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത്, കശ്മീരിൽ അ്യന്യായമായി നൂറുകണക്കിനു പേർ തടവിലാക്കപ്പെട്ട സംഭവം- ഇവയുമായി ബന്ധപ്പെട്ട ഒരു കേസിലും അടിയന്തരമായി തീർപ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി കരുതാതിരിക്കുമ്പോൾ രണ്ട് ട്വീറ്റുകളുടെ പേരിൽ ഒരു അഭിഭാഷകനെ ശിക്ഷിക്കാൻ സുപ്രീം കോടതി തയ്യാറെടുക്കുന്നത് ലോകത്തിന് എന്തു സന്ദേശമാണ് നൽകുന്നതെന്ന് ചോദിക്കുന്നവരിൽ മുൻ സുപ്രീംകോടതി ചിഫ് ജസ്റ്റിസ് ആർ.എം. ലോഥയും മുൻ ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി. ഷായും അടക്കമുള്ളവരുണ്ടെന്ന കാര്യം കാണാതിരിക്കാനാവില്ല.

പ്രശാന്ത് ഭൂഷന്റെ ആദ്യ ട്വീറ്റ് ഇതായിരുന്നു- ”പൗരന്മാർക്ക് നീതി കിട്ടാനുള്ള സൗകര്യം നിഷേധിച്ചുകൊണ്ട് സുപ്രീം കോടതിയെ ലോക്ക്ഡൗണിലാക്കിയ ശേഷം ഇന്ത്യയുടെ ചീഫ്ജസ്റ്റിസ് ബി.ജെ.പി. നേതാവിന്റെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപ വിലയുള്ള ഒരു മോട്ടോർ സൈക്കിൾ മാസ്കോ ഹെൽമറ്റോ ഇല്ലാതെ ഓടിക്കുന്നു.”

രണ്ടാമത്തെ ട്വീറ്റിൽ ഭൂഷൻ പറഞ്ഞതിതാണ്- ”ഭാവിയിൽ ചരിത്രകാരന്മാർ ഇക്കഴിഞ്ഞ ആറു വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യയിൽ ഔപചാരിക അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ജനാധിപത്യം തകർക്കപ്പെട്ടതെങ്ങിനെയെന്ന് അവർ കാണും. ആ തകർച്ചയിൽ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ച് ഈ കാലയളവിലെ ഏറ്റവും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് അവർ അടയാളപ്പെടുത്തും. ”

ഈ ട്വീറ്റുകൾ സുപ്രീം കോടതി എന്ന മഹത്തായ സ്ഥപാനത്തെ അട്ടിമറിക്കുകയാണെന്നും ഇതിനെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കിൽ അത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്തസ്സും ആദരവും കെടുത്തുമെന്നുമാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടുന്നത്.

ഈ കേസിൽ നിശിത വിമർശം ഉന്നയിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജൂലായ് 27-ന് ജസ്റ്റിസ് എ.പി. ഷാ ദ ഹിന്ദുവിൽ ഒരു ലേഖനമെഴുതിയിരുന്നു. കോടതി അലക്ഷ്യക്കേസുകൾ ലോകത്തെ പ്രമുഖ ജനാധിപത്യ രാഷ്ട്രങ്ങളിലെ കോടതികൾ എത്രമാത്രം സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ജസ്റ്റിസ് ഷാ ഈ ലേഖനത്തിൽ എഴുതുന്നുണ്ട്. 1987-ൽ സ്പൈ കാച്ചർ കേസിൽ പീറ്റർ റൈറ്റ് എന്ന മുൻ ബ്രിട്ടീഷ് ചാരന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ളണ്ടിലെ ഹൗസ് ഒഫ് ലോർഡ്സ് വിധി പുറപ്പെടുവിച്ചപ്പോൾ ഡെയ്ലി മിറർ എന്ന പത്രം ഈ ജഡ്ജിമാരുടെ ചിത്രം തലകീഴായിട്ടാണ് പ്രസിദ്ധീകരിച്ചത്. ചിത്രത്തിനുള്ള അടിക്കുറിപ്പ് ‘you old fools’ എന്നായിരുന്നു.

ചിത്രവും അടിക്കുറിപ്പും കണ്ട് ജഡ്ജിമാർ ഡെയ്ലി മിററിനെ പ്രതിക്കൂട്ടിൽ കയറ്റുമെന്ന് വിചാരിച്ചവർക്ക് പക്ഷേ, തെറ്റുപറ്റി. തീർത്തും സംയമനത്തോടെയാണ് ഈ ജഡ്ജിമാർ പത്രത്തിന്റെ വിമർശം കണ്ടത്. കൂട്ടത്തിൽ ലോർഡ് ടെംപിൾമാന്റെ നിരീക്ഷണം രസകരമായിരുന്നു. അദ്ദേഹം പറഞ്ഞത് താൻ കിഴവനാണെന്ന് തനിക്കറിയാമെന്നും എന്നാൽ വിഡ്ഡിയാണോയെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നുമായിരുന്നു.

1970-ലാണ് നമ്മുടെ ഇ.എം.എസ്. കോടതി അലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ടത്. മാർക്സിനെ ഉദ്ധരിച്ചുകൊണ്ട് കോടതികൾ ജനങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമാണെന്നും പണക്കാരനും പാവപ്പെട്ടവനും ഒരു കേസിൽ കോടതിയിലെത്തുകയും ന്യായം രണ്ടു പേരുടെ ഭാഗത്തും ഒരുപോലെയുണ്ടെന്നും വന്നാൽ കോടതി പണക്കാരനോടായിരിക്കും അനുകൂല മനോഭാവം കാട്ടുകയെന്നും 1967 നവംബറിൽ ഇ.എം.എസ്. നടത്തിയ പരാമർശമാണ് കേസിന് കാരണമായത്.

ഈ കേസ് കേരള ഹൈക്കോടതിയിലെത്തിയപ്പോൾ ജസ്റ്റിസുമാരായ രാമൻ നായർ, കൃഷ്ണമൂർത്തി അയ്യർ, കെ.കെ. മാത്യു എന്നിവരാണ് വാദം കേട്ടത്. ഹൈക്കോടതി വിധി ഇ.എം.എസിന് എതിരെയായിരുന്നു. ഒന്നുകിൽ ആയിരം രൂപ പിഴ അല്ലെങ്കിൽ ഒരു മാസത്തെ തടവ് എന്നായിരുന്നു ശിക്ഷ.

ഈ വിധിയോട് ജസ്റ്റിസ് കെ.കെ. മാത്യു വിയോജിച്ചു. തന്റെ വിയോജനക്കുറിപ്പിൽ അദ്ദേഹം പറഞ്ഞത് ജഡ്ജിമാർക്കും കോടതികൾക്കുമെതിരെയുള്ള ആരോപണങ്ങളുടെ സത്യസന്ധത ജഡ്ജിമാർ തന്നെ തീരുമാനിക്കുന്നതിലെ അപകടത്തെക്കുറിച്ച് ജഡ്ജിമാർ ബോധവാന്മാരായിരിക്കണമെന്നാണ്. കോടതികളുടെ നീതി നിർവ്വഹണപ്രക്രിയയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന കാര്യത്തിൽ തീരുമാനം ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും ജസ്റ്റിസ് മാത്യു നിരീക്ഷിച്ചു. കമ്മ്യൂണിസ്റ്റ്കാരനെന്ന ആക്ഷേപത്തിന് വിധേയനായെങ്കിലും സുപ്രീം കോടതി ജഡ്ജിയായാണ് ജസ്റ്റിസ് മാത്യു വിരമിച്ചത്.

ഈ കേസിൽ സുപ്രീം കോടതിയിൽ ഇ.എം.എസിനുവേണ്ടി ഹാജരായത് വി.കെ. കൃഷ്ണമേനോനാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ളയും ജസ്റ്റിസുമാരായ എ.എൻ. റേയും ജി.കെ. മിത്തറുമടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്. ഇ.എം.എസിന്റെ നിലപാട് പൊളിക്കാൻ ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള മാർക്സിനെ വിശദമായി ഉദ്ധരിച്ചു. മാർക്സിന്റെ സുപ്രധാന ഗ്രന്ഥങ്ങളിൽനിന്ന് ഖണ്ഡികകൾ തന്നെ എടുത്തുകാട്ടി ഇ.എം.എസ്സിന് മാർക്സിനെ അറിയില്ലെന്നും മാർക്സ് ജഡ്ജിമാർക്കെതിരെ ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടില്ലെന്നും ജസ്റ്റിസ് ഹിദായത്തുള്ള പറഞ്ഞു.

ഒടുവിൽ 50 രൂപ പിഴയടക്കാനാണ് സുപ്രീം കോടതി ഇ.എം.എസിനോടാവശ്യപ്പെട്ടത്. ഇ.എം.എസ്. പിഴയടക്കുകയും ചെയ്തു. വിധിയിൽ തനിക്ക് മാർക്സിനെ അറിയില്ലെന്ന കോടതിയുടെ പരാമർശത്തോട് ഇ.എം.എസ്. പിന്നീട് പ്രതികരിച്ചു. മാർക്സിന്റെയും ഏംഗൽസിന്റെയും എല്ലാ രചനകളും വായിച്ചിട്ടുണ്ടെന്ന് താൻ അവകാശപ്പെടുന്നില്ലെന്നും അവരുടെ എല്ലാ രചനകളും വായിച്ചിട്ടുണ്ടെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ ആ ധൈര്യത്തെ താൻ അഭിവാദ്യം ചെയ്യുമെന്നുമാണ് ഇ.എം.എസ്. പറഞ്ഞത്. മാർക്സിന്റെയും ഏംഗൽസിന്റെയും എല്ലാ രചനകളും ഇനിയും ഇംഗ്ളീഷിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടില്ലെന്നും ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും ഇവ ജർമ്മനിൽ തന്നെ വായിച്ചിട്ടുണ്ട് എന്നാണോ അർത്ഥമാക്കുന്നതെന്നും ഇ.എം.എസ്. ചോദിച്ചു.

അടുത്തിടെ ഇന്ത്യയിൽ ഒരു കോടതി അലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ട അറിയപ്പെടുന്ന വ്യക്തി അരുന്ധതി റോയ് ആണ്. 2002-ലാണ് സുപ്രീംകോടതി ഒരു ദിവസത്തെ ശിക്ഷയ്ക്കും രണ്ടായിരം രൂപ പിഴ അടയ്ക്കുന്നതിനും അരുന്ധതിയെ ശിക്ഷിച്ചത്. അരുന്ധതി ഒരു ദിവസം തിഹാർ ജയിലിൽ കഴിയുകയും പിഴ ഒടുക്കുകയും ചെയ്തു. നർമ്മദ അണക്കെട്ട് നിർമ്മാണക്കേസിൽ കോടതിക്ക് മുന്നിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തതിനാണ് അരുന്ധതി ശിക്ഷിക്കപ്പെട്ടത്.

ഈ ശിക്ഷകളൊന്നും തന്നെ സുപ്രീം കോടതിയുടെ അന്തസ് ഉയർത്തിയിട്ടില്ലെന്നാണ് രാജീവ് ധവാനെ പ്പോലുള്ള പ്രഗത്ഭ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലിക അവകാശമാണ്. ഇതിന്റെ നിഷേധത്തിൽ സുപ്രീം കോടതിയും പങ്കാളിയാവുന്ന വിചിത്രമായ അവസ്ഥയാണ് ഇത്തരം കേസുകളിൽ ശിക്ഷാനടപടികളുണ്ടാവുമ്പോൾ സംഭവിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

സംസാരിച്ചു കഴിഞ്ഞാലും സ്വാതന്ത്ര്യം വേണമെന്നാണ് ചിത്രകാരൻ എം.എഫ്. ഹുസൈനെതിരെയുള്ള കേസിൽ ജസ്റ്റിസ് എസ്.കെ. കൗൾ പറഞ്ഞത്. ഹുസൈൻ ചിത്രം വരക്കട്ടെയെന്നും അതിനതെിരെ അക്രമമുണ്ടായാൽ അതാണ് ഭരണകൂടം തടയേണ്ടതെന്നും അല്ലാതെ ചിത്രം വരയ്ക്കരുതെന്ന് ഹുസൈനോട് പറയുകയല്ല വേണ്ടതെന്നും ജസ്റ്റിസ് കൗൾ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. ജസ്റ്റിസ് കൗൾ ഇപ്പോൾ സുപ്രീം കോടതി ജഡ്ജിയാണ്.

പ്രശാന്ത് ഭൂഷൺ വെറുമൊരു അഭിഭാഷകനല്ല. സാമൂഹ്യനീതിക്കുവേണ്ടി എത്രയോ വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭൂഷൺ. നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ രാജ്യത്തെ നീറുന്ന പല പ്രശ്്നങ്ങളും കോടതിക്ക് മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി സന്ധിയില്ലാതെ പൊരുതുന്ന ഭൂഷന്റെ ഉദ്ദേശ്യശുദ്ധിയിൽ ജനസമൂഹത്തിന് സംശയമുണ്ടാവാനിടയില്ല. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലിക അവകാശം തങ്ങൾക്കെതിരെയുള്ള വിമർശത്തിന്റെ രൂപമാർജ്ജിക്കുമ്പോൾ സുപ്രീം കോടതി എങ്ങിനെയാണതിനെ കാണുന്നതെന്നത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.

വാസ്തവത്തിൽ സുപ്രീം കോടതിക്ക് അപമാനം കൊണ്ടുവന്ന രണ്ടു കാര്യങ്ങൾ അടുത്തിടെയുണ്ടായത് മുൻ ചീഫ് ജസ്റ്റിസുമാരായ സദാശിവവും രഞ്ജൻ ഗൊഗോയിയും കേന്ദ്ര സർക്കാർ നൽകിയ സ്ഥാനമാനങ്ങൾ സ്വീകരിച്ചപ്പോഴാണെന്ന നിരീക്ഷണം കാണാതെ പോവരുത്. വിരമിച്ച് അധികം വൈകാതെ തന്നെ സദാശിവം കേരള ഗവർണ്ണറും ഗൊഗോയ് രാജ്യസഭാംഗവുമായപ്പോൾ സുപ്രീംകോടതിയുടെ ആദരവും അന്തസ്സും ആകാശങ്ങളിലേക്കെത്തിയെന്ന് ആരെങ്കിലും കരുതുന്നോണ്ടെയെന്നറിയില്ല.

കോടതിയെ വിമർശിക്കുന്നതാണ് പ്രശ്നമെങ്കിൽ രണ്ടു കൊല്ലം മുമ്പ് നാല് സുപ്രീം കോടതി ജഡ്ജിമാർ നടത്തിയ പത്രസമ്മേളനം എങ്ങിനെയാണ് വിലയിരുത്തപ്പെടുക? അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ നിശിത വിമർശമാണ് ഈ ജഡ്ജിമാർ ഉയർത്തിയത്. പക്ഷേ, ഇവർക്കെതിരെ ഒരു കോടതി അലക്ഷ്യ നടപടിയുമുണ്ടായില്ല. കോടതിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വിമർശനത്തിലാണ് തങ്ങൾ ഏർപ്പെട്ടതെന്നും ആത്മപരിശോധനയിലൂടെ മാത്രമേ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുന്നോട്ടു പോകാനാവുകയുള്ളുവെന്നുമാണ് ഈ ജഡ്ജിമാർ പറഞ്ഞത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ഈ സംഘത്തിലുണ്ടായിരുന്നുവെന്നത് ഇന്നിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ നമ്മളെ അത്ഭുതപ്പെടുത്തിയേക്കുമെന്നത് മറ്റൊരു കാര്യം.

ഇത്തരം വിമർശനങ്ങളിലും ആരോപണങ്ങളിലും തകരുന്നതല്ല സുപ്രീം കോടതിയുടെ വിശ്വാസ്യതയും ആദരവുമെന്നതാണ് സത്യം. ഇന്നും ഒരു തർക്കമുണ്ടാവുമ്പോൾ ഒരു സാധാരണക്കാരൻ ആത്യന്തികമായി പറയുക നമുക്ക് കോടതിയിൽ കാണാമെന്നായിരിക്കും. അത്രമാത്രം ആഴമാർന്നതാണ് ഈ നാട്ടിൽ സാധാരണ മനുഷ്യർക്ക് കോടതിയിലുള്ള വിശ്വാസം.

അടുത്തിടെ എഴുതിയ ഒരു കുറിപ്പിൽ ജസ്റ്റിസ് മദൻ ലോക്കുർ അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് ഒലിവർ ഹോംസിന്റെ ഒരു വാക്യം എടുത്തുകാട്ടിയിരുന്നു. ജീവിതവിജയത്തിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ജസ്റ്റിസ് ഹോംസിന്റെ മറുപടി ഇതായിരുന്നു. ”ദൈവമൊന്നുമല്ലെന്ന് വളരെ ചെറുപ്പത്തിലേ ഞാൻ തിരിച്ചറിഞ്ഞു.” നമ്മുടെ ചില ജഡ്ജിമാർക്ക് ഈ തിരിച്ചറിവുണ്ടായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്നാണ് ജസ്റ്റിസ് ലോക്കുർ എഴുതിയത്.

അഭിഭാഷകനായ ശ്രീറാം പഞ്ചു ഈ വിഷയത്തിലെഴുതിയ ഒരു കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്. കോടതിയെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ നടപടി എടുക്കുമ്പോൾ അതും ഒരു അഭിപ്രായപ്രകടനത്തിന്റെ പേരിൽ, ഓരോ ചുവടുവെയ്പും അതീവ സൂക്ഷമതയോടെയായിരിക്കണം. അല്ലെങ്കിൽ ചുവടുവെയ്ക്കരുത്. എന്നിട്ട് ആരുടേതെന്ന് അറിയാത്ത ഒരു വാക്യം ശ്രീറാം പഞ്ചു ഉദ്ധരിക്കുന്നു: ”ഒരു ഗർത്തത്തിലേക്കുള്ള മുനമ്പിൽ നിൽക്കുമ്പോൾ പുരോഗതി എന്നു പറയുന്നത് പിന്നോട്ടുള്ള ചുവടുവെയ്പായിരിക്കും.” ഭൂഷൺ കേസിലെ പ്രതിസന്ധി കോടതി എങ്ങിനെയാണ് നേരിടേണ്ടതെന്ന് ഇതിലും മനോഹരമായും വ്യക്തമായും പറയാനാവുമെന്ന് തോന്നുന്നില്ല.

Breaking News
Top